കൊച്ചി : സ്‌ഫോടനത്തിലൂടെ വീടുകള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മരടിലെ ആല്‍ഫാ സെറിന്‍ ഫ്ലാറ്റിനു മുന്നില്‍ നടത്തുന്ന നിരാഹാര സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക്. നിരാഹാര സമര നടത്തുന്നവരുടെ പ്രതിനിധികളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. മരട് നഗരസഭാ ജനപ്രധിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും. തിരുവനന്തപുരത്ത് വൈകിട്ട് അഞ്ചുമണിക്കാണ് തദ്ദേശ വകുപ്പ് മന്ത്രി എ.സി.മൊയ്ദീനുമായുള്ള ചര്‍ച്ച.
അതേസമയം ആല്‍ഫാ സെറിന്‍ ഫ്ലാറ്റില്‍ സ്‌ഫോടനം നടത്താന്‍ പൊളിക്കല്‍ കമ്പനിക്ക് പെസോയുടെ അന്തിമ അനുമതി ലഭിച്ചു. വിജയ് സ്റ്റീല്‍സിന് ജനുവരി 11നു തന്നെ ഫ്ലാറ്റില്‍ സ്‌ഫോടനം നടത്താം. ഇരുപത്തി അഞ്ചോളം സുരക്ഷാ മാനദണ്ഡങ്ങള്‍ മുന്‍ നിര്‍ത്തിയാണ് അനുമതി കൊടുത്തത്. സ്‌ഫോടക വസ്തുക്കള്‍ നാളെ ഫ്ലാറ്റിലെത്തിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റും അനുമതി കൊടുത്തു. മറ്റ് മൂന്ന് ഫ്ലാറ്റുകള്‍ പൊളിക്കുന്ന എഡിഫൈസ് എന്‍ജിനീയറിങ് കമ്പനിക്ക് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.