മൂവാറ്റുപുഴ: മാധ്യമ പ്രവര്‍ത്തകനെന്ന വ്യാജേന ആശുപത്രി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ പ്രധാന പ്രതിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രതി ഇടുക്കി ശാന്തന്‍പാറ വള്ളക്കാക്കുടിയില്‍ ബിനു മാത്യുവിനെതിരേയാണ് മൂവാറ്റുപുഴ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. വന്ധ്യതാ ചികിത്സകനും മൂവാറ്റുപുഴ സബൈന്‍സ് ആശുപത്രി ഉടമയുമായ ഡോ. എസ്. സബൈനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലാണ് ബിനുവിനെതിരേ പോലീസ് കേസെടുത്തത് . ആശുപത്രിയുടെ ചിത്രങ്ങളും മറ്റും കാണിച്ചായിരുന്നു പ്രതി പണം തട്ടിയത് . തുടര്‍ന്ന് ചിത്രങ്ങളും വീഡിയോകളുമുണ്ടെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതിന്റെ രേഖകള്‍ സഹിതം ഡോക്ടര്‍ പോലീസില്‍ പരാതിപ്പെട്ടതോടെ ബിനു രക്ഷപെട്ടു. പോലീസ് അന്വേഷണം തുടങ്ങിയതോടെ ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അതിനിടെ ജില്ലാ ക്രൈംബ്രാഞ്ചും കേസ് ഏറ്റെടുത്തു .
മൂവാറ്റുപുഴ എസ്.ഐ.യുടെ നേതൃത്വത്തില്‍ പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെ മറ്റു ചില കേന്ദ്രങ്ങളില്‍നിന്ന് ഡോക്ടറെ സമ്മര്‍ദത്തിലാക്കി കേസ് പിന്‍വലിപ്പിക്കാന്‍ ഭീഷണി ഉണ്ടായി . വ്യാജ കേസ് ചമച്ച് ഡോക്ടറെക്കൊണ്ട് മുന്‍കൂര്‍ ജാമ്യമെടുപ്പിക്കാനും ശ്രമമുണ്ടായി. ബിനു ഡോക്ടറെ ഭീഷണിപ്പെടുത്താനായി ഉപയോഗിച്ച വീഡിയോകള്‍ ആശുപത്രിക്കെതിരേ പ്രചരിപ്പിക്കുകയും ചെയ്തു. കേസിലെ തെളിവുകളായ വീഡിയോ പ്രചരിപ്പിച്ചതു സംബന്ധിച്ചും പോലീസില്‍ പരാതിയുണ്ട്.