തിരുവനന്തപുരം: വിലകുറഞ്ഞ മദ്യം വാങ്ങി അന്താരാഷ്ട്ര ബ്രാൻഡുകളുടെ പേരിൽ വ്യാജ സ്കോച്ച് നിർമിച്ച് വിപണിയിലെത്തിച്ചിരുന്ന സംഘത്തിന്റെ കേന്ദ്രം തിരുവനന്തപുരത്ത് കണ്ടെത്തി എക്സൈസ് സംഘം. ബെവ്‌കോയിൽ നിന്ന് വാങ്ങിയ കുറഞ്ഞ വിലയുള്ള മദ്യം കലർത്തി പ്രമുഖ ബ്രാൻഡുകളുടെ പേരിൽ വിറ്റിരുന്നതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. സംഭവത്തിൽ തിരുവനന്തപുരം ഈഞ്ചക്കൽ സ്വദേശി ഹാഷിം സുൾഫിക്കറിനെ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബെവ്‌കോയിൽ നിന്ന് വാങ്ങിയ വിലകുറഞ്ഞ മദ്യം വിവിധ രീതിയിൽ കലർത്തിയാണ് പ്രമുഖ വിദേശ മദ്യ ബ്രാൻഡുകളുടെ പേരിൽ വ്യാജ ഉൽപ്പന്നങ്ങൾ തയ്യാറാക്കിയിരുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. ബ്ലാക്ക് ലേബൽ, ഷിവാസ് റീഗൽ തുടങ്ങിയ ബ്രാൻഡുകളുടെ പേരിൽ ഈ മദ്യം വിപണിയിലെത്തിച്ചിരുന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ഇയാളുടെ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ 14 ലിറ്റർ വ്യാജ മദ്യവും ബെവ്‌കോയിൽ നിന്ന് വാങ്ങിയ ആറര ലിറ്റർ മദ്യവും എക്സൈസ് പിടിച്ചെടുത്തു. നിർമിച്ച വ്യാജ മദ്യം ചില ബാറുകളിലേക്ക് വിതരണം ചെയ്തിട്ടുണ്ടോയെന്ന സംശയവും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ബാറുകളിൽ പരിശോധന ശക്തമാക്കുമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡാണ് രഹസ്യ വിവരത്തെ തുടർന്ന് പരിശോധന നടത്തി വ്യാജ മദ്യ നിർമാണ കേന്ദ്രം കണ്ടെത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. പിടിച്ചെടുത്ത മദ്യവും മറ്റ് തെളിവുകളും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും.






























