നെടുമ്പാശ്ശേരി : നെടുമ്പാശ്ശേരിയിൽ വ്യാജ സാനിറ്റൈസർ നിർമാണ കേന്ദ്രം കണ്ടെത്തി. കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയിൽ നടന്ന പരിശോധനയിൽ നിരവധി കടകളിൽനിന്ന് വ്യാജ സാനിറ്റൈസർ കണ്ടെത്തിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് വ്യാജ സാനിറ്റൈസർ എത്തുന്നത് നെടുമ്പാശ്ശേരിയിൽനിന്നാണെന്ന് കണ്ടെത്തിയത്. തുടർന്നാണ് ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് നെടുമ്പാശ്ശേരി പോസ്റ്റാഫീസിനടുത്ത് വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കേന്ദ്രം റെയ്ഡ് ചെയ്തത്.
അഞ്ച് ലക്ഷം രൂപ വില വരുന്ന സാനിറ്റൈസറാണ് ഇവിടെ നിന്ന് പിടിച്ചെടുത്തത്. പ്രാഥമിക പരിശോധനയിൽ വ്യാജനാണെന്ന് കണ്ടെത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന വിവിധ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും ഡ്രഗ്‌സ് കൺട്രോൾ വിഭാഗം പറഞ്ഞു. ആലുവ യു.സി. കോളേജ് സ്വദേശി ഹാഷിം എന്നയാളാണ് കേന്ദ്രം നടത്തിപ്പുകാരൻ.
ഇയാൾ മുംബൈയിലുണ്ടെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. നാലു മാസമായി ഈ കേന്ദ്രം ഇവിടെ പ്രവർത്തിക്കുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. മഞ്ഞുമ്മലിലും ഗുജറാത്തിലുമുള്ള മരുന്ന് നിർമാണ കമ്പനികളുടെ ലൈസൻസ് നമ്പറാണ് വ്യാജമായി നിർമിച്ച ഈ സാനിറ്റൈസറിന്റെ ലേബലിൽ പതിച്ചിരുന്നത്. വിവിധ പേരുകളിൽ സാനിറ്റൈസർ നിർമിച്ചിരുന്നതായും കണ്ടെത്തി. യഥാർഥ സാനിറ്റൈസറാണെന്നു കരുതിയാണ് പലരും ഇവിടെ നിന്ന് വില്പനയ്ക്കായി വാങ്ങിയിരുന്നത്.
ലൈസൻസില്ലാതെയാണ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ഗുണനിലവാരമറിയുന്നതിനായി സാമ്പിൾ കാക്കനാട് ലാബിൽ പരിശോധിക്കും. ഫലമറിഞ്ഞ ശേഷമായിരിക്കും തുടർ നടപടി. റീജണൽ ഡ്രഗ്‌സ് ഇൻസ്പെക്ടർ അജു ജോസഫ് കുര്യൻ, ഇന്റലിജൻസ് ബ്രാഞ്ച് ഡ്രഗ്‌സ് ഇൻസ്പെക്ടർ ജയൻ ഫിലിപ്പ്, ഡ്രഗ്‌സ് ഇൻസ്പെക്ടർ ഗ്ലാഡിസ് കാച്ചപ്പിള്ളി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.