പാലക്കാട് : തൃക്കാക്കര മണ്ഡലം എല്ഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിനെതിരെ വ്യാജ അശ്ലീല ദൃശ്യങ്ങൾ സാമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ച ആർഎസ്‌എസ് പ്രവർത്തകനെ ശ്രീകൃഷ്ണപുരം പോലീസ് അറസ്റ്റ് ചെയ്തു. എസ്‌എച്ച്‌ഒ കെ എം ബിനീഷിന്റെ നേതൃത്വത്തിലാണ് കടമ്പഴിപ്പുറം ആലങ്ങാട് ഓടമ്പുള്ളി വീട്ടിൽ ശബരീഷിനെ (43) അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്‌ഐ കടമ്പഴിപ്പുറം മേഖല കമ്മിറ്റി നല്കിയ പരാതിയെ തുടർന്നാണ് നടപടി.
സജീവ ആർഎസ്‌എസ് സേവാഭാരതി പ്രവർത്തകനായ ശബരീഷ് കഴിഞ്ഞമാസം 24നാണ് വ്യാജ വീഡിയോ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചത്. ഇയാളെ സ്റ്റേഷനിൽ ജാമ്യത്തിലിട്ടു. ആമയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ടി കെ ഷുക്കൂർ, ആലത്തൂർ മുൻ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം മണ്ഡലം സെക്രട്ടറി തേങ്കുറിശി വെമ്പലൂർ അരിയക്കോട് വീട്ടിൽ ശിവദാസൻ എന്നിവരെ വ്യാജ വീഡിയോ പങ്കുവെച്ചതിന് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.