തിരുവനന്തപുരം : കെഎസ്ആർടിസിയിൽ പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നു. ശമ്പള വിതരണവുമായി ബന്ധപ്പെട്ട് മാനേജ്മെന്റിനോട് ഇടഞ്ഞുനിൽക്കുന്ന തൊഴിലാളി യൂണിയനുകൾ വീണ്ടും അനിശ്ചിതകാല സമയം പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതൽ ചീഫ് ഓഫീസിന് മുന്നിൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുകയാണ് സിഐടിയു. അന്ന് മുതൽ തന്നെ രാപ്പകൽ സമരം ഐഎൻടിയുസിയും പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ സമരം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സമരമല്ലാതെ മറ്റ് മാർഗങ്ങളില്ലെന്ന് ബിഎംഎസും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നലെ ശമ്പള പ്രതിസന്ധി ചർച്ചചെയ്യാൻ മാനേജ്മെന്റ് വിളിച്ച യോഗം തൊഴിലാളി സംഘടനകൾ ബഹിഷ്കരിച്ചിരുന്നു. ഈ മാസം ഇരുപതാം തീയതിക്ക് മുമ്പ് ശമ്പളം പ്രതീക്ഷിക്കേണ്ടെന്ന നിലപാട് മാനേജ്മെന്റ് അറിയിച്ചതിനെ തുടർന്നാണ് യൂണിയനുകൾ യോഗം ബഹിഷ്കരിച്ചത്. കൃത്യസമയത്ത് ശമ്പളം തരണമെങ്കിൽ സർക്കാരിൽ നിന്ന് പണം വാങ്ങി വരണമെന്ന ധിക്കാരപരമായ നിലപാടാണ് സിഎംഡി സ്വീകരിച്ചതെന്ന് സിഐടിയു നേതാക്കൾ ആരോപിച്ചു.
മാനേജ്മെന്റിന്റെ പിടിപ്പുകേടാണ് പ്രതിസന്ധികൾക്ക് കാരണമെന്നും യൂണിയൻ നേതാക്കൾ വ്യക്തമാക്കി. ഇതിനുപിന്നാലെയാണ് ആദ്യം ശമ്പളം ഉറപ്പാക്കൂ, അത് കഴിഞ്ഞാകാം ചർച്ച എന്ന നിലപാട് സ്വീകരിച്ച് സംഘടനകൾ ചർച്ച ബഹിഷ്‍കരിച്ചത്. എന്നാൽ നയപരിപാടികളിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നും അഴിമതി ആരോപണം ഉന്നയിച്ചവർ തന്നെ തെളിയിക്കട്ടേയെന്നും സിഎംഡി ബിജു പ്രഭാകർ പ്രതികരിച്ചു.