കൊച്ചി : എറണാകുളം നഗരത്തിൽനിന്ന് ആറ് ലക്ഷം രൂപ വിലവരുന്ന ഒരു ലക്ഷത്തിലധികം വ്യാജ സിഗരറ്റുകൾ പിടിച്ചെടുത്തു. സംഭവത്തെത്തുടർന്ന് കൂടുതൽ പരിശോധനകൾക്കൊരുങ്ങി എക്സൈസ്. പിടിച്ചെടുത്ത വ്യാജ സിഗരറ്റുകൾ സെൻട്രൽ എക്സൈസിന് കൈമാറുമെന്നും വ്യാജ സിഗരറ്റ് മാഫിയയ്ക്കെതിരെ പ്രത്യേക ഷാഡോ ടീം രൂപീകരിച്ചു പരിശോധന ശക്തമാക്കുമെന്നും അധികൃതർ പറഞ്ഞു. എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ എ.എസ്. രഞ്ജിത്തിന്റെ മേൽനോട്ടത്തിൽ നടത്തിയ റെയ്ഡിലാണ് വ്യാജ സിഗരറ്റ് പിടികൂടിയത്. വിദേശ സിഗരറ്റുകളും പിടിച്ചെടുത്തവയിലുണ്ട്.
ഹൈക്കോടതി ജങ്ഷൻ, ഇടപ്പള്ളി, തേവര, എസ്ആർഎം റോഡ് തുടങ്ങിയ സ്ഥലങ്ങളിലെ വ്യാപാര കേന്ദ്രങ്ങളിൽനിന്നും ഗോഡൗണുകളിൽനിന്നുമാണ് കൂടുതൽ ഉത്പന്നങ്ങളും പിടികൂടിയത്. മലപ്പുറത്തുനിന്നുള്ള ലോബികളാണ് സിഗരറ്റ് കടത്തിനു പിറകിലെന്നാണ് വിവരം. നഗരത്തിലെ 50 കടകളിൽനിന്ന് വ്യാജ സിഗരറ്റുകൾ പിടിച്ചെടുത്തു. ട്രെയിൻ മാർഗം കൊച്ചിയിലെത്തിച്ച ശേഷം ബേക്കറി വാഹനങ്ങളിലാണ് വിതരണം ചെയ്യുന്നത്. അധികൃതർക്ക് സംശയം തോന്നാതിരിക്കുന്നതിനായാണ് ഈ മാർഗം സ്വീകരിച്ചിരുന്നത്. സാധാരണ സിഗരറ്റിനേക്കാൾ നിക്കോട്ടിന്റെ അളവ് വ്യാജ സിഗരറ്റുകളിൽ കൂടുതലാണ്.
സാധാരണ സിഗരറ്റ് പാക്കറ്റുകൾക്കു മുകളിൽ പതിക്കാറുള്ള ചിത്രങ്ങൾ അടക്കമുള്ള മുന്നറിയിപ്പുകളും വ്യാജ സിഗരറ്റ് പാക്കറ്റുകളിൽ ഉണ്ടാകാറില്ല. പിടിച്ചെടുത്ത വ്യാജ സിഗരറ്റിൽ നിർമാണ തീയതി 2012 എന്നാണ് കാണിച്ചിരിക്കുന്നത്. അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ സജിത്കുമാർ, എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ബി.എൽ. ഷിബു, ഇൻസ്പെക്ടർ പി. ശ്രീരാജ്, തൃപ്പൂണിത്തുറ എക്സൈസ് ഇൻസ്പെക്ടർ ബിജുവർഗീസ്, എറണാകുളം റേഞ്ച് ഇൻസ്പെക്ടർ കൃഷ്ണ കുമാർ പ്രിവന്റീവ് ഓഫീസർ ജോർജ് ജോസഫ്, പ്രമോദ്, പി.എൽ. ജോർജ്, സിവിൽ എക്സൈസ് ഓഫീസർമാരായ റൂബൻ, വിപിൻ ദാസ്, സജിത, അനീഷ് കെ. ജോസഫ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.