തിരുവനന്തപുരം : രാജ്യം കുതിക്കുകയാണ് സമ്പത്ത് വ്യവസ്ഥയിലല്ല, കര്‍ഷക ആത്മഹത്യയില്‍. രാജ്യത്ത് മാത്രമല്ല സംസ്ഥാനത്തും കർഷക ആത്മഹത്യ വർദ്ധിച്ചുവരികയാണ്. രാജ്യത്തെ മൊത്തം കണക്ക് എടുക്കുകയാണെങ്കിൽ മണിക്കൂറിൽ കടബാധ്യത മൂലം ഒരു കർഷകൻ ആത്മഹത്യ ചെയ്യുന്നുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. കൊവിഡാനന്തരം രാജ്യത്തെ രക്ഷിക്കാന്‍ പോകുന്നത് കാര്‍ഷിക മേഖലയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. കാര്‍ഷിക വിപണിയിലെ ഇന്ത്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി വേണം ഈ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രാജ്യത്തിന് ഉയര്‍ന്നുവരാന്‍. കാര്‍ഷിക മേഖല ഉണര്‍ന്നാല്‍ അത് സംഭവിക്കുക തന്നെ ചെയ്യും. എന്നാൽ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് പ്രഖ്യാപിച്ച അടച്ചിടല്‍ രാജ്യത്തെ കര്‍ഷകരെ എങ്ങനെ ബാധിച്ചുവെന്ന് രാജ്യം ചര്‍ച്ച ചെയ്യുന്നുപോലുമില്ലെന്നതാണ് വസ്തുത.
സംസ്ഥാന സർക്കാരിന്റെ നയവൈകല്യങ്ങളാണ് കർഷക ആത്മഹത്യയ്ക്ക് കാരണമെന്ന് കേന്ദ്രസർക്കാർ പറയുമ്പോൾ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനെയാണ് പഴിചാരുന്നത്. ഇത്തരത്തിൽ പരസ്പരം കുറ്റപ്പെടുത്തലുകൾ മാത്രമാണ് രാജ്യത്ത് നടക്കുന്നത്. എന്നാൽ ആത്മഹത്യ കൂടാൻ എന്താണ് കാരണമെന്ന് ഭരണം നടത്തുന്ന മേലാളന്മാർ അറിയാൻ ശ്രമിക്കുന്നില്ല, അല്ലെങ്കിൽ അറിഞ്ഞിട്ടും കണ്ണടക്കുന്നു. മാത്രമല്ല അടിസ്ഥാന വര്‍ഗത്തെക്കുറിച്ച് നിരന്തരം സംസാരിച്ചുകൊണ്ടിരുന്നവര്‍ പോലും മഹാമാരി കാലത്ത് അവരെ മറന്നുപോയി. കര്‍ഷക സംഘടനകള്‍ മുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വരെ കോവിഡ് കാലത്ത് കര്‍ഷക വിഷയങ്ങളില്‍ താത്പര്യമില്ലാത്തവരായി മാറി.
വയലുകളില്‍ കൊയ്യാനിറങ്ങിയ കര്‍ഷക തൊഴിലാളികളെ പോലീസ് വളഞ്ഞിട്ടു തല്ലുന്നുവെന്നത് മാത്രമായിരുന്നു അടുത്തിടെ മാധ്യമങ്ങളും പൊതു സമൂഹവും കര്‍ഷകരെക്കുറിച്ച് ചര്‍ച്ച ചെയ്ത ഏക വിഷയം. എന്നാല്‍, ഇന്ത്യയുടെ ഗ്രാമങ്ങളില്‍ നിന്ന് ഉയരുന്ന കര്‍ഷകരുടെ നിലവിളി കേള്‍ക്കാന്‍ ആരുമില്ലാതായിരിക്കുന്നു. പ്രതീക്ഷകള്‍ നഷ്ടപ്പെട്ട കര്‍ഷകരുടെ ആത്മഹത്യകള്‍ മുറപോലെ നടക്കുന്നു. കോവിഡ് രാജ്യത്തെ കര്‍ഷകരെയും കര്‍ഷക തൊഴിലാളികളെയും കടുത്ത രീതിയിലാണ് ബാധിച്ചത്. ലോക്ക്ഡൗണ്‍ കാലത്തും കര്‍ഷക ആത്മഹത്യകള്‍ക്ക് കുറവുകളൊന്നും സംഭവിച്ചിട്ടില്ല.
കഴിഞ്ഞ ദിവസമാണ് നിരണത്ത് കടബാധ്യതയെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്തത്. കർഷക കുടുംബത്തിലെ ഏക അത്താണിയായിരുന്നു അദ്ദേഹം. കൃഷി അല്ലാതെ മറ്റൊരു വരുമാനവുമില്ലാത്ത കുടുംബത്തിന് ആത്മഹത്യ നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും സാമ്പത്തികസഹായമൊന്നും സംസ്ഥാനസർക്കാർ പ്രഖ്യാപിച്ചിട്ടില്ല. പ്രകൃതിക്ഷോഭം മൂലം കാർഷിക വിളകൾ നശിക്കുകയും വായ്പാ തിരിച്ചടവുകൾ മുടങ്ങുകയും ചെയ്യുമ്പോൾ ഗതികെട്ട് കർഷകർ ജീവനൊടുക്കുന്നത് നിത്യ സംഭവമായിട്ടും സർക്കാർ അനങ്ങാപ്പാറ നയം തന്നെയാണ് ഇപ്പോഴും സ്വീകരിക്കുന്നത്. കർഷകരക്ഷക്കായുള്ള കടാശ്വാസ കമ്മീഷൻ 77 കോടി രൂപയുടെ കാർഷിക കടങ്ങൾ എഴുതി തള്ളാൻ സർക്കാരിനോട് നിർദ്ദേശിച്ചിട്ടും നയാ പൈസ അനുവദിക്കാതെ കൃഷി വകുപ്പും സർക്കാരും നോക്കുകുത്തികളായി തന്നെ ഉറച്ചു നിൽക്കുകയാണ്.
കടാശ്വാസ കമ്മീഷനും സഹകരണ ബാങ്കുകളും തമ്മിൽ ചർച്ച ചെയ്ത് ധാരണയിലെത്തിയ തുകയാണ് ഖജനാവിൽ നിന്ന് നൽകേണ്ടത്. മാത്രമല്ല കഴിഞ്ഞ രണ്ട് വർഷത്തിലധികമായി പുതിയ അപേക്ഷകളും ക്ഷണിക്കുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. വേനൽ മഴയെ തുടർന്ന് കൃഷി നശിച്ച കുട്ടനാട്ടിലേയും മറ്റ് പ്രദേശങ്ങളിലേയും കൃഷിക്കാർക്ക് അപേക്ഷ പോലും നൽകാനാവാത്ത സ്ഥിതിയാണ്. സർക്കാരാണ് കടാശ്വാസത്തിനായി അപേക്ഷ ക്ഷണിക്കേണ്ടത്. കോവിഡ് മൂലമാണ് അപേക്ഷ ക്ഷണിക്കാതിരുന്നതെന്നാണ് സർക്കാർ ന്യായം. കൃഷിക്കാരെ സുഖിപ്പിക്കുന്ന ബഡായികൾ പതിവുപോലെ കൃഷിമന്ത്രിയും സർക്കാരും തട്ടിവിടുന്നുണ്ടെങ്കിലും കടം കേറി മുടിയുന്ന കൃഷിക്കാർ കയറിലും കീടനാശിനികളിലും ജീവനൊടുക്കുകയാണ്.