ഭോപാല്‍: മധ്യപ്രദേശില്‍ 150ഓളം കര്‍ഷകരെ വഞ്ചിച്ച് അഞ്ചുകോടി തട്ടിയെടുത്തതായി പരാതി. നാലു ജില്ലകളില്‍നിന്നുള്ള കര്‍ഷകരില്‍നിന്ന് 2600 ക്വിന്‍റല്‍ കാര്‍ഷിക വിളകള്‍ വണ്ടിച്ചെക്ക് നല്‍കി തട്ടിയെടുത്തതായാണ് പരാതി.
മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെയും കൃഷിമന്ത്രി കമല്‍ പട്ടേലിന്റെയും മണ്ഡലത്തില്‍നിന്നുള്ള കര്‍ഷകരാണ് കബളിപ്പിക്കപ്പെട്ടത്. കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നതിലൂടെ മണ്ഡികളിലൂടെയല്ലാതെ കര്‍ഷകര്‍ക്ക് തങ്ങളുടെ വിളകര്‍ ആവശ്യക്കാര്‍ക്ക് നേരിട്ട് നല്‍കാമെന്ന ബി.ജെ.പിയുടെ വാദത്തിനേറ്റ തിരിച്ചടിയാണിത്. 22 ഓളം കര്‍ഷകര്‍ ദേവസിലെ സബ് ഡിവിഷനല്‍ മജിസ്ട്രേറ്റിന്റെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തുകയും ഉപരോധിക്കുകയും ചെയ്തു.
കാലാവധി കഴിഞ്ഞ ലൈസന്‍സ് ഉപയോഗിച്ചാണ് വ്യാപാരികള്‍ കര്‍ഷകരുമായി കച്ചവടം നടത്തിയത്. വിളകള്‍ക്ക് നല്‍കിയ ചെക്ക് മടങ്ങിയതോടെയാണ് കബളിപ്പിക്കെപ്പട്ട വിവരം മനസിലാകുന്നത്. മണ്ഡികളുമായി ബന്ധപ്പെട്ടപ്പോള്‍ വ്യാപാരികളുടെ യാതൊരു വിവരവും ലഭ്യമല്ലെന്ന് അറിയിക്കുകയായിരുന്നു. മണ്ഡികള്‍ക്ക് പുറത്ത് വിളകള്‍ വില്‍ക്കുന്നതിന്റെ നിയന്ത്രണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇളവു വരുത്തിയതിന് പിന്നാലെയായിരുന്നു കച്ചവടം.
വിളകള്‍ കൈമാറിയതിന് ശേഷം അവര്‍ ചെക്ക് നല്‍കി. എന്നാല്‍ സമയം കഴിഞ്ഞിട്ടും പണം കിട്ടിയില്ല. ഏകദേശം 150 ഓളം കര്‍ഷകരാണ് ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ടത്. സേഹോര്‍, ഹര്‍ദ്ദ, ഹോഷങ്കാബാദ് എന്നിവിടങ്ങളില്‍നിന്നുള്ള കര്‍ഷകരുടെ അഞ്ചുകോടിയോളം രൂപ നഷ്ടമായതായി കര്‍ഷകനായ കനയ്യ പട്ടേല്‍ പറഞ്ഞു. മുഖ്യമന്ത്രിയും കൃഷിമന്ത്രിയും ഇക്കാര്യത്തില്‍ ഇടപെടണമെന്നും വ്യാപാരികളെ കണ്ടെത്തി തങ്ങളുടെ പണം തിരികെ നല്‍കാന്‍ സഹായിക്കണമെന്നും കര്‍ഷകനായ രാഹുല്‍ പട്ടേല്‍ ആവശ്യപ്പെട്ടു.
കര്‍ഷരെ ഇത്തരത്തില്‍ കബളിപ്പിച്ചതുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 250 ഓളം കര്‍ഷകര്‍ കബളിപ്പിക്കപ്പെടുകയും ചെയ്തു. കൃഷിമന്ത്രിയുടെ മണ്ഡലത്തില്‍ മാത്രം എട്ടുകേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.