ന്യൂഡല്‍ഹി : കാര്‍ഷിക കരിനിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷകരുടെ പ്രതിഷേധം അയവില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് നിർണായക ചർച്ച. കഴിഞ്ഞ ആറ് തവണയും ചര്‍ച്ച പരാജയപ്പെട്ടിരുന്നു. നിയമങ്ങള്‍ പിന്‍വലിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍. ഇന്ന് നടത്തുന്ന ചര്‍ച്ച പരാജയപ്പെട്ടാല്‍ പ്രക്ഷോഭം കൂടുതല്‍ കടുപ്പിക്കുമെന്നാണ് കര്‍ഷക നേതാക്കള്‍ അറിയിച്ചിരിക്കുന്നത്. ബുധനാഴ്ച മുതൽ രാജ്യവ്യാപക സമരങ്ങൾക്കാണ് ആഹ്വാനം ചെയ്തിട്ടുള്ളത്. ഇതുവരെ ഭാരത് ബന്ദ് ഉൾപ്പെടെ കർഷക സംഘടനകൾ നടത്തിയ സമരങ്ങള്‍ക്കെല്ലാം രാജ്യത്ത് വൻ പിന്തുണ ലഭിച്ചിരുന്നു. അതിനിടെ കര്‍ഷക സമരവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി നാളെ പരിഗണിക്കും.
2020 നവംബര്‍ 26ന് ആരംഭിച്ച കര്‍ഷക സമരം രണ്ടുമാസം പിന്നിട്ടിരിക്കുകയാണ്. രാജ്യതലസ്ഥാനത്തെ അതിശൈത്യത്തെയും രണ്ട് ദിവസമായി പെയ്യുന്ന ശക്തമായ മഴയെയും അതിജീവിച്ചുകൊണ്ടാണ് സമരം മുന്നേറുന്നത്. നിലവില്‍ ഡല്‍ഹിയുടെ അതിര്‍ത്തി മേഖലകളായ സിംഘു, ടിക്രി, ഗാസിപൂര്‍ എന്നിവിടങ്ങളിലാണ് സമരം ശക്തമായി തുടരുന്നത്. ജയ്പൂര്‍ ഹൈവേയും പ്രക്ഷോഭകാരികൾ കയ്യടക്കിയിട്ടുണ്ട്. ഇന്നലെ ചില്ല, ഗാസിപൂർ പാതകള്‍ കർഷകർ ഉപരോധിച്ചു. ഡൽഹി-ജയ്പൂർ ഹൈവേയില്‍ രെവാരിയിൽ കർഷകരും പോലീസുമായി സംഘർഷമുണ്ടായി. മുന്നോട്ടുനീങ്ങിയ കർഷകരെ ദാരുഹേര ടൗണിൽ വച്ച് പോലീസ് തടയുകയായിരുന്നു. സമരക്കാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ഒരു ട്രാക്ടറിന് കർഷകർ തീയിട്ടു. സംഭവസ്ഥലത്ത് മണിക്കൂറുകളോളം സംഘർഷം നിലനിന്നു.