ന്യൂഡല്‍ഹി : കേന്ദ്രസർക്കാരുമായുള്ള ഒന്‍പതാം വട്ട ചർച്ചയും പരാജയപ്പെട്ടതോടെ സമരം വ്യാപിപ്പിക്കാൻ തീരുമാനിച്ച് കർഷക സംഘടനകൾ. 17ന് കൂടുതൽ സമര പ്രഖ്യാപനങ്ങൾ ഉണ്ടാകും. റിപ്പബ്ലിക് ദിനത്തിൽ നിശ്ചയിച്ച ട്രാക്ടർ റാലിയിൽ മാറ്റമില്ലെന്നും കർഷക സംഘടനകൾ ആവർത്തിച്ചു. റാലി സമാധാനപരമായിരിക്കും എന്നാണ് ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് കർഷരുടെ മറുപടി. ഭേദഗതികളിൽ ചർച്ചയാകാമെന്ന കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിന്റെ നിർദേശം കർഷകർ തള്ളിയിരുന്നു. നിയമം റദ്ദാക്കുന്ന നടപടികളിലാകണം ചർച്ച എന്ന നിലപാട് കർഷക സംഘടനകൾ ആവർത്തിച്ചു.
ഭേദഗതികളിലെ ആശങ്കകൾ ചർച്ച ചെയ്യാമെന്നായിരുന്നു കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര സിംഗ് തോമറിന്റെയും പീയുഷ് ഗോയലിന്റെയും പ്രതികരണം. സമരക്കാരെ കേന്ദ ഏജൻസികളെ വെച്ച് വേട്ടയാടുന്നതിലും കർണാലിൽ 1000 കർഷകർക്കെതിരെ കേസെടുത്തലിലും കർഷക സംഘടനകൾ പ്രതിഷേധം അറിയിച്ചു.19ന് 10-ാം വട്ട ചർച്ച നിശ്ചയിച്ചിട്ടുണ്ട്. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഡൽഹി അതിർത്തികളിലെ കർഷകരുടെ സമരം 52ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.