ന്യൂഡല്‍ഹി : മുപ്പത്തിമൂന്നാം ദിവസത്തിലേക്ക് കടക്കുന്ന കർഷക പ്രക്ഷോഭത്തിൽ കർഷകസംഘടനകളുമായി നടന്ന ചർച്ചയിൽ കേന്ദ്രത്തിന്റെ അന്തിമതീരുമാനം ഇന്ന്. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നത് ഒഴികെയുള്ള ആവശ്യങ്ങളിൽ ചർച്ചയ്ക്ക് എതിർപ്പില്ലെന്നാണ് കൃഷിമന്ത്രാലയ വൃത്തങ്ങൾ നൽകുന്ന വിവരം.
എന്നാൽ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനുള്ള നടപടിക്രമം അടക്കം നാല് വിഷയങ്ങൾ അജൻഡയിൽ ഉൾപ്പെടുത്തിയാൽ മാത്രമേ ചർച്ചക്കുള്ളുവെന്ന് കർഷക സംഘടനകൾ അറിയിച്ചിട്ടുണ്ട്. അതേസമയം രാജസ്ഥാനിൽ ഇന്നുമുതൽ ബുധനാഴ്ച വരെ കോൺഗ്രസ് കർഷക യോഗങ്ങൾ സംഘടിപ്പിക്കും.
പ്രധാനമന്ത്രിയുടെ ഈ വർഷത്തെ അവസാന മൻ കീ ബാത്തിനിടെ അതിർത്തിയിൽ മുദ്രാവാക്യം മുഴക്കിയും പാത്രം കൊട്ടിയും നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് കർഷകർ പ്രഖ്യാപിച്ചു. മൻ കി ബാത്തിൽ കർഷക സമരത്തെക്കുറിച്ച് നരേന്ദ്ര മോദി മിണ്ടിയില്ല. എന്നാൽ ഗുരുദ്വാര സന്ദർശനം ഓർമ്മിപ്പിച്ചു. സിഖ് ഗുരുക്കൻമാരുടെ ത്യാഗം പരാമർശിച്ച് വീണ്ടും സമുദായത്തിന്റെ രോഷം തണുപ്പിക്കാനുള്ള ശ്രമവും മോദി നടത്തി.