ഡല്‍ഹി : വൈദ്യുതിയും വെള്ളവും പുനഃസ്ഥാപിക്കുകയും കസ്റ്റഡിയില്‍ ഉള്ളവരെ വിട്ടയക്കുകയും ചെയ്യാതെ സര്‍ക്കാരുമായി ചര്‍ച്ചക്കില്ലെന്ന് ആവര്‍ത്തിച്ച് സംയുക്ത കിസാന് മോര്‍ച്ച. രാജ്യവ്യാപകമായി മഹാ പഞ്ചായത്ത് വിളിക്കുമെന്നും ശനിയാഴ്ച വഴിതടയല്‍ സമരം നടത്തുമെന്നും ബികെയു നേതാവ് രാകേഷ് തികത്ത് പറഞ്ഞു.
ഡല്‍ഹി അതിര്‍ത്തികളിലെ സമരം 71ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. വെള്ളവും വൈദ്യുതിയും ഇല്ലാതെ ബാരിക്കേഡുകളാലും ഇരുമ്ബുവേലികളാലും ചുറ്റപ്പെട്ട പൊലീസ് സംവിധാനത്തിന് നടുവിലാണ് സമരഭൂമികള്‍. ചര്‍ച്ചക്ക് തയ്യാറെന്ന് വേദികള്‍ തോറും പറയുന്ന പ്രധാനമന്ത്രി അതിനുള്ള സാഹചര്യം ഒരുക്കണമെന്നാണ് കര്‍ഷക സംഘടനകളുടെ ആവശ്യം. വൈദ്യുതിയും വെള്ളവും പുനഃസ്ഥാപിക്കുകയും കസ്റ്റഡിയില്‍ ഉള്ളവരെ വിട്ടയക്കുകയും ചെയ്യാതെ സര്‍ക്കാരുമായി ചര്‍ച്ചക്കില്ലെന്ന് സംയുക്ത കിസാന് മോര്‍ച്ച ആവര്‍ത്തിച്ചു.
അതിര്‍ത്തികളിലെ ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിച്ചതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മുസഫര്‍നഗറിലും ഭാഗ്‍പത്തിനും പിന്നാലെ ജിന്ദില്‍ നടന്ന മഹാപഞ്ചായത്തില്‍ 50,000ത്തോളം പേര്‍ പങ്കെടുത്തു. മഹാ പഞ്ചായത്തുകള്‍ വിളിക്കുന്നത് തുടരുമെന്ന് ബികെയു നേതാവ് രാകേഷ് തികത് അറിയിച്ചു. അതേസമയം നന്ദിപ്രമേയ ചര്‍ച്ചയാണ് ലോക്‌സഭയില്‍ നടക്കേണ്ടത്. ഇന്നലെ ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് സഭ നടപടികള്‍ മുന്നോട്ട് പോയില്ല. രാജ്യസഭയില്‍ ഇന്നലെ ആരംഭിച്ച നന്ദിപ്രമേയ ചര്‍ച്ച തുടരും. കാര്‍ഷിക വിഷയവും ഉന്നയിക്കുന്നതിനാല്‍ ചോദ്യോത്തര – ശ്യൂന്യ വേളകള്‍ ഒഴിവാക്കി 15 മണിക്കൂറാണ് ചര്‍ച്ച. ചര്‍ച്ചക്ക് ശേഷം പ്രധാനമന്ത്രി മറുപടി പറയും.