ന്യൂഡൽഹി : കർഷക പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി കർഷക സംഘടനകളുടെ രാജ്യവ്യാപക നാലു മണിക്കൂര്‍ ട്രെയിന്‍ തടയല്‍ സമരം ആരംഭിച്ചു. പഞ്ചാബ്, ഹരിയാന, യു.പി, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ കർഷകർ വ്യാപകമായി ട്രെയിൻ തടയും. കേരളത്തെ ഒഴിവാക്കിയിട്ടുണ്ട്. ട്രെയിൻ തടയൽ സമരത്തിന്റെ പശ്ചാത്തലത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പോലീസ് ജാഗ്രത ശക്തമാക്കി. ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിച്ച സമരം വൈകുന്നേരം നാല് മണിക്ക് അവസാനിക്കും.
സമരം സമാധാനപരമായിരിക്കണമെന്നു കർഷക നേതാക്കൾ അനുയായികൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. സമരം നടക്കുന്ന സംസ്ഥാനങ്ങളിൽ റെയിൽവേ സ്റ്റേഷനുകളിൽ വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. റെയിൽവേ സംരക്ഷണ സേനയെ കൂടാതെ വൻ പോലീസ് സന്നാഹമാണ് ഇവിടങ്ങളിൽ നിലയുറപ്പിച്ചിരിക്കുന്നത്. നിരവധി സർവീസുകൾ റെയിൽവേ വെട്ടിക്കുറച്ചു. പശ്ചിമ റെയിൽവേയിൽ നാല് ട്രെയിനുകൾ വഴി തിരിച്ച് വിട്ടു. പാസഞ്ചർ ട്രെയിനുകളും റദ്ദാക്കിയവയിൽ പെടും. കർഷക പ്രക്ഷോഭം 85–ാം ദിവസത്തിലേക്ക് കടന്നതോടെ ഡൽഹി അതിർത്തികളിലേക്ക് വരും ദിവസങ്ങളിൽ കൂടുതൽ കർഷകർ എത്തുമെന്നും നേതാക്കൾ വ്യക്തമാക്കി.