തൃശ്ശൂർ : അച്ഛനെ കണ്ടു പഠിക്കൂ മോനേ എന്നു സുകേഷിനെ ആരും ഉപദേശിക്കേണ്ടതില്ല. മുഴുവൻ സമയവും സുകേഷ് അച്ഛനെ കണ്ടു പഠിച്ചു കൊണ്ടിരിക്കുകയാണ്! കാക്കിക്കുപ്പായമണിഞ്ഞ് ഇരുവരും ജോലി ചെയ്യുന്നത് ഒരേ പോലീസ് സ്റ്റേഷനിൽ.
നീണ്ടകാലത്തെ സൈനിക ജീവിതത്തിനു ശേഷം പീച്ചി പോലീസ് സ്റ്റേഷനിൽ ഹോം ഗാർഡ് ആയി ജോലിചെയ്യുന്ന പി.എ. സുരേന്ദ്രനും റിക്രൂട്ട് ട്രെയിനി കോൺസ്റ്റബിൾ ആയ സുകേഷുമാണ് ഈ അപൂർവത പങ്കുവയ്ക്കുന്നത്. പീച്ചി വടക്കുംപാടം പാമ്പുംകാട്ടിൽ സുരേന്ദ്രൻ 18 വർഷം കരസേനയിലായിരുന്നു. വിരമിച്ച ശേഷം ഹോം ഗാർഡായി ജോലി തുടങ്ങിയിട്ടു 11 വർഷമാകുന്നു. അച്ഛനെ പോലെ സർക്കാർ ജോലി നേടണമെന്നു സുരേന്ദ്രന്റെ 2 മക്കളും ആഗ്രഹിച്ചു. മകൾ സ്വാതി കൃഷി ഓഫിസറായി വർഷങ്ങൾക്കു മുമ്പേ ലക്ഷ്യം നേടി.
കോയമ്പത്തൂരിൽ എംസിഎ പൂർത്തിയാക്കി ബെംഗളൂരുവിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി നേടിയെങ്കിലും സുകേഷിനു തൃപ്തി തോന്നിയില്ല. സർക്കാർ ജോലി തന്നെ ലക്ഷ്യമെന്നുറപ്പിച്ചു ജോലി ഉപേക്ഷിച്ചു വീട്ടിലെത്തി. 5 വർഷം കുത്തിയിരുന്നു പഠിച്ച് എസ്ഐ റാങ്ക് ലിസ്റ്റിൽ കയറി. ഇന്റർവ്യു കഴിഞ്ഞെങ്കിലും നിയമനം ലഭിച്ചില്ല.
രണ്ടാമത് എഴുതിയ സിപിഒ തസ്തികയിൽ ജോലി ലഭിച്ചു. കഴിഞ്ഞ ഡിസംബറിൽ പോലീസ് അക്കാദമിയിൽ പരിശീലനം തുടങ്ങി. കോവിഡ് ഡ്യൂട്ടിക്കു വേണ്ടി ട്രെയിനികളെ ഹോം സ്റ്റേഷനുകളിലേക്ക് അയച്ചപ്പോൾ 3 ആഴ്ച മുൻപു സുകേഷ് പീച്ചിയിലെത്തി. ഒരേ സ്റ്റേഷനിൽ അച്ഛനും മകനും ജോലി ചെയ്യുന്നതിൽ സഹപ്രവർത്തകർക്കും കൗതുകം. വ്യത്യസ്ത സമയത്താണ് ഇരുവർക്കും ഡ്യൂട്ടി എങ്കിലും സ്റ്റേഷനു പുറത്തു പലയിടത്തായി ദിവസവും കണ്ടുമുട്ടും.