ഈറോഡ്: 19 ദിവസം പ്രായമായ ആണ്‍കുഞ്ഞിനെ അച്ഛന്‍ വെള്ളത്തില്‍ മുക്കിക്കൊന്നു. കുട്ടിക്ക് തന്റെ മുഖച്ഛായയില്ലെന്ന കാരണത്താലാണ് കൃത്യം ചെയ്തത്. അന്തിയൂര്‍ സെന്നംപെട്ടിയില്‍ താമസിക്കുന്ന മണിയാണ് (35) കുട്ടിയെ കൊന്നത്.
ഭാര്യ പവിത്രയും (32) കുഞ്ഞും ഉറങ്ങിക്കിടന്നപ്പോള്‍ പവിത്ര അറിയാതെ കുഞ്ഞിനെ എടുത്തു കൊണ്ടു പോയി വീടിന് പുറത്തെ തൊട്ടിയിലെ വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നു. തുടര്‍ന്ന്, ഉറങ്ങിക്കിടന്ന പവിത്രയുടെ അടുത്ത് കുഞ്ഞിനെ കിടത്തി. പവിത്ര ഉറക്കം എഴുന്നേറ്റ് കുഞ്ഞിനെ എടുത്തപ്പോഴാണ് കുഞ്ഞ് മരിച്ചതറിഞ്ഞത്.
മണിയും അയല്‍വാസികളും കുട്ടി ശ്വാസംകിട്ടാതെ മരിച്ചതായിരിക്കാം എന്ന് പവിത്രയെ സമാധാനിപ്പിച്ചു. കുട്ടിയെ വീടിന്റെ പിറകില്‍ കുഴിച്ചിട്ടു. എന്നാല്‍, കുട്ടിയുടെ മരണത്തില്‍ സംശയം തോന്നിയ ചില അയല്‍വാസികള്‍ ചൈല്‍ഡ് വെല്‍ഫെയറില്‍ വിവരംനല്‍കി.
വെല്‍ഫെയര്‍ അധികൃതര്‍ വിവരം അന്തിയൂര്‍ പോലീസിനെ അറിയിച്ചു. പോലീസ് മണിയെയും പവിത്രയെയും ചോദ്യംചെയ്തപ്പോളാണ് കൊലപാതകവിവരം വെളിയില്‍ വന്നത്. കുഴല്‍ക്കിണര്‍ വണ്ടി ഡ്രൈവറായ മണി ജോലിക്കുപോയാല്‍ ഒരാഴ്ചകഴിഞ്ഞേ തിരിച്ചുവരാറുള്ളു. തന്റെ അനുജന്‍ രഞ്ജിത്തുമായി പവിത്രയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നത് കേട്ടിട്ടുണ്ടെന്നും കുട്ടിക്ക് തന്റെ മുഖച്ഛായ ഇല്ലാത്തതിനാല്‍ അനുജന്‍ രഞ്ജിത്തിന്റെ സഹായത്തോടെ കുട്ടിയെ കൊല്ലുകയായിരുന്നുവെന്നും മണി പോലീസിനോട് പറഞ്ഞു.
രഞ്ജിത്തും കുറ്റം സമ്മതിച്ചു. കുഴി തോണ്ടി കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തി. മണിയും പവിത്രയും ഏഴുവര്‍ഷം മുന്‍പാണ് വിവാഹിതരായത്. നാലുവയസ്സുള്ള ഒരു പെണ്‍കുട്ടിയുണ്ട് ഇവര്‍ക്ക്. കഴിഞ്ഞമാസം അന്തിയൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. മണിയെയും രഞ്ജിത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു.