വാഷിങ്ടൺ : യമനിലെ ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ സഹായം സ്വീകരിക്കാണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇസ്രായേൽ സൗദിയുടെ കാര്യത്തിൽ ഏറെ സഹായിച്ചെന്നും ട്രംപ് അവകാശപ്പെട്ടു. എന്തു തരം സഹായമാണ് നൽകിയതെന്ന് അമേരിക്കൻ പ്രസിഡന്റ് വ്യക്തമാക്കിയിട്ടില്ല. യമൻ യുദ്ധത്തിൽ അമേരിക്ക ഇടപെടാത്തത് അബ്രഹാം അക്കോഡിലേക്ക് സൗദി അറേബ്യയെ എത്തിക്കുന്നതിനാണ് എന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഇതിലൂടെ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാൻ സൗദി അറേബ്യയെ നിർബന്ധിതമാക്കുകയായിരുന്നു ലക്ഷ്യം. അതേസമയം സൗദിയിലേക്ക് ഹൂതികൾ ആക്രമണം തുടരുകയാണ്. ജിസാൻ, ഖമീസ് മുശൈത്ത്, അബഹ നഗരങ്ങളിലക്ക് ആക്രമണ ശ്രമം നടത്തി. ഡ്രോൺ, മിസൈൽ ആക്രമണ ശ്രമങ്ങൾ എല്ലാം പ്രതിരോധിച്ചതായി സൗദി സഖ്യസേന അറിയിച്ചു. യമനിൽ സൗദി സഖ്യസേന ആക്രമണം നടത്തുകയും ചെയ്തു. ഹൂതികളുടെ ആയുധക്കടത്തിനിടെയാണ് ആക്രമണം നടത്തിയതെന്ന് സൗദി സഖ്യസേന വ്യക്തമാക്കി.
സൗദിയിലെ യാമ്പുവിൽ ഗ്രീസിന്റെ പ്രതിരോധ സംവിധാനവും സജ്ജമായിട്ടുണ്ട്. ഗ്രീസിന്റെ സൈനിക വിഭാഗം പ്രതിരോധ കരാറിന്റെ ഭാഗമായി സേവനം തുടങ്ങി. ഇന്നലെ എത്തിയ ബാലിസ്റ്റിക് മിസൈൽ വിജയകരമായി തടഞ്ഞു. എണ്ണ കയറ്റുമതി, പെട്രോകെമിക്കൽ പ്ലാന്റ് ഉൾപ്പെടെയുള്ള വ്യവസായ നഗരമാണ് യാമ്പു. യമനിൽ സർക്കാർ സേനയും ഹൂതികളും തമ്മിൽ പോരാട്ടം തുടരുകയാണ്. തയ്സ് പ്രവിശ്യയിലാണ് പ്രധാനമായും പോരാട്ടം നടക്കുന്നത്. ഹൂതികളുടെ ഡ്രോൺ ലോഞ്ച് സംഘത്തെ പിടികൂടിയതായി സർക്കാർ സേന അവകാശപ്പെട്ടു.
സർക്കാർ സേനയുടെ താൽകാലിക തലസ്ഥാനംആയ ഏദനിലേക്ക് ഹൂതികൾ മിസൈൽ ആക്രമണം നടത്തി. വിമാനത്താവളത്തിൽ ആണ് ആക്രമണം നടന്നത്. റൺവെയിൽ മിസൈലുകൾ പതിച്ചതായി റിപ്പോർട്ടുണ്ട്. 151 യാത്രക്കാരുമായി കൈറോയിലേക്ക് യമൻ വിമാനം പുറപ്പെടുന്നതിന് മുമ്പ് ആണ് അക്രമണമെന്ന് യമൻ സർക്കാർ അറിയിച്ചു. യാത്രക്കാരെ വിമാനത്തിൽ നിന്ന് ഒഴിപ്പിച്ചു. വലിയ മാനുഷിക ദുരന്തം ആണ് ഒഴിവായതെന്നും യമൻ ഗതാഗത മന്ത്രി പറഞ്ഞു.































