കണ്ണൂർ : കണ്ണൂർ ജയിലിൽ നിന്ന് രക്ഷപ്പെട്ട ലഹരിക്കേസിലെ പ്രതി നാൽപ്പത് ദിവസങ്ങൾക്ക് ശേഷം പിടിയിൽ. കൊയ്യോട് ചെമ്പിലോട്ടെ ടി സി ഹർഷാദാണ് പിടിയിലായത്. ഇയാളെ ഒളിവിൽ കഴിയാൻ സഹായിച്ച ടാറ്റു കലാകാരിയായ കാമുകി അപ്സരയേയും പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ ഭാരതിപുരത്തെ വീട്ടിൽവച്ചാണ് ഇരുവരെയും പിടികൂടിയത്. ജയിൽ ചാടിയ ശേഷം ഹർഷാദ് നേരെ പോയത് ബംഗളൂരുവിലേക്കായിരുന്നു. പിന്നാലെ അപ്സരയും ബംഗളൂരുവിലെത്തി. ഇവർ ഒന്നിച്ച് ഡൽഹിയിലൊക്കെ താമസിച്ചിരുന്നു. നേപ്പാൾ അതിർത്തിയിലും എത്തി. പിന്നീട് തമിഴ്നാട്ടിലേക്ക് പോയി. തമിഴ്നാട്ടിലെത്തിയതിന് ശേഷം ഇരുവരും ഫോണോ എ ടി എമ്മോ ഉപയോഗിച്ചിരുന്നില്ല.
ഭാരതിപുരത്ത് വീട് വാടകയ്‌ക്കെടുത്ത് ഇരുവരും ഒന്നിച്ചുതാമസിക്കാൻ തുടങ്ങി. ആദ്യം സബ് കളക്ടറുടെ വീട് വാടകയ്‌ക്കെടുത്തായിരുന്നു കഴിഞ്ഞിരുന്നത്. പിന്നീട് വേറൊരു വീട്ടിലേക്ക് മാറി. യുവതി മുമ്പ് തലശ്ശേരിയിൽ ഹർഷാദിന്റെ സുഹൃത്തിന്റെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു. അവിടെവച്ചാണ് ഇരുവരും പ്രണയത്തിലായത്. ഇരുവരും വിവാഹിതരാണ്. ഹർഷാദിനൊരു കുഞ്ഞുമുണ്ട്.