ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും താൽപര്യമാണ്. ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനാണ് എപ്പോഴും നയൻതാരയുടെയും മക്കളുടെയും വിശേഷങ്ങൾ ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുള്ളത്. കാരണം നയൻതാരയ്ക്ക് ഇതുവരെയും സോഷ്യൽമീഡിയയിൽ അക്കൗണ്ട് ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ താരം ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുറന്നിരിക്കുകയാണ്. കൂളിംഗ് ഗ്ലാസ് വെച്ച് ഇരട്ടക്കുട്ടികളെ രണ്ട് കൈകളിലായി എടുത്ത് മാസായി നടന്ന് വരുന്ന റീൽ പങ്കുവെച്ചുകൊണ്ടാണ് നയൻതാര ഇൻസ്റ്റഗ്രാമിലേക്കുള്ള തന്‍റെ വരവ് ആരാധകരെ അറിയിച്ചത്. ജയിലറിലെ ഹുക്കും സോങിന്റെ അകമ്പടിയും റീലിനുണ്ടായിരുന്നു. ലേഡി സൂപ്പർസ്റ്റാർ സോഷ്യൽമീഡിയയിൽ അക്കൗണ്ട് തുറന്നുവെന്നത് ആരാധകരെയും ആവേശത്തിലാക്കി.
കഴിഞ്ഞ വർഷമാണ് ഇരുവർക്കും ഇരട്ട കുഞ്ഞുങ്ങൾ പിറന്നത്. എന്നാൽ കുഞ്ഞുങ്ങളുടെ മുഖം വെളിപ്പെടുത്തുന്ന ചിത്രങ്ങളൊന്നും നയൻതാരയോ വിഘ്നേഷ് ശിവനോ പങ്കിട്ടിരുന്നില്ല. ഇപ്പോഴിതാ ആദ്യമായി ഉലകിന്‍റെയും ഉയിരിന്‍റെയും മുഖം മറക്കാതെയുള്ള വീഡിയോ നയൻസും വിഘ്നേഷ് ശിവനും പങ്കിട്ടിരിക്കുകയാണ്. റീൽ വീഡിയോയിൽ വെള്ള വസ്ത്രത്തിൽ അമ്മയും രണ്ട് മക്കളും ട്വിന്നിങാണ്. മൂന്ന് പേരും കൂളിങ് ഗ്ലാസും ധരിച്ചിട്ടുണ്ട്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.