കോട്ടക്കൽ : അനധികൃതമായി ക്ഷേമ പെൻഷൻ കൈപറ്റിയെന്ന പരാതിയിൽ കോട്ടക്കൽ നഗരസഭയ്ക്ക് ധനകാര്യവകുപ്പിന്റെ നിർദ്ദേശം. പി എഫ് പെൻഷനൊപ്പം ക്ഷേമപെൻഷനും വാങ്ങിയ നാലുപേരിൽ നിന്ന് മുഴുവൻ തുകയും പലിശ സഹിതം ഈടാക്കണമെന്നാണ് ധനകാര്യവകുപ്പിന്റെ നിർദ്ദേശം. ഇവർ എപ്പോഴാണോ ക്ഷേമ പെൻഷൻ അനധികൃതമായി കൈപ്പറ്റാൻ തുടങ്ങിയത് മുതൽ 18 ശതമാനം വരെ പലിശ സഹിതം തുക തിരിച്ചുപിടിക്കണമെന്നും നിർദ്ദേശമുണ്ട്. അനധികൃതമായി ക്ഷേമപെൻഷൻ കൈപ്പറ്റിയ 23 പേരിൽ നിന്ന് അനധികൃതമെന്ന് കണ്ടെത്തിയത് മുതലുള്ള തുകയും തിരിച്ചു വാങ്ങും.
നാളെ ഇതുമായി ബന്ധപ്പെട്ട് കോട്ടക്കൽ നഗരസഭയിൽ രാവിലെ 10 മണിക്ക് അടിയന്തിര കൗൺസിൽ ചേരും. ഈ കൗൺസിലിൽ ആയിരിക്കും തിരിച്ചടയ്‌ക്കേണ്ട കൃത്യമായ തുക എത്രയെന്ന് പറയുക. മലപ്പുറം കോട്ടയ്ക്കല്‍ നഗരസഭയില്‍ ഒട്ടേറെ പെന്‍ഷന്‍ ഗുണഭോക്താക്കളുണ്ട്. കോട്ടയ്ക്കല്‍ നഗരസഭയ്ക്ക് കീഴില്‍ വരുന്ന എട്ടാം വാര്‍ഡില്‍ മാത്രം 38 പേരാണ് ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നത്. ഏഴാം വാര്‍ഡിലെ 42 ഗുണഭോക്താക്കളുടെ അര്‍ഹത സംബന്ധിച്ച പരിശോധനയില്‍ 38 പേരും അനര്‍ഹരാണെന്ന് കണ്ടെത്തിയിരുന്നു. ബി.എം.ഡബ്ല്യു. കാര്‍ ഉടമകള്‍ ഉള്‍പ്പെടെയുള്ളവര്‍ പെന്‍ഷന്‍ പട്ടികയില്‍ ഉണ്ടെന്നാണ് കണ്ടെത്തിയത്. ചില ക്ഷേമ പെന്‍ഷന്‍കാരുടെ വീടുകളില്‍ എയര്‍ കണ്ടീഷന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഉണ്ടെന്നും സൂചനകൾ ഉണ്ടായിരുന്നു.