തിരുവനന്തപുരം: ജൂലൈ അവസാനം ഒരു ദിവസത്തേയ്ക്ക് നിയമസഭാ സമ്മേളനം ചേരും. ധനകാര്യ ബില്ലുകള്‍ പാസാക്കുന്നതിനായാണ് നിയമസഭ ചേരുന്നത്. രണ്ടുപേരുടെ ഇരിപ്പിടങ്ങളില്‍ ഒരാളെ മാത്രം ഇരുത്തി ഈ മാസം അവസാനം ഒരു ദിവസത്തേക്കു മാത്രം നിയമസഭ ചേരാന്‍ ധാരണ. തീയതി മന്ത്രിസഭായോഗം തീരുമാനിക്കും.
സാമൂഹിക അകലം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സഭയുടെ പിന്‍ഭാഗത്ത് അധികമായി കസേരകളിടാനാണ് ആലോചന. ഈ കസേരകളില്‍ ഇരിക്കുന്ന സാമാജികര്‍ക്കു സംസാരിക്കാന്‍ അവസരം ലഭിക്കുമ്പോള്‍ കോഡ്‍ലെസ് മൈക്ക് ലഭ്യമാക്കുകയോ ആ സമയത്തു മാത്രം സ്വന്തം സീറ്റിനടുത്തു പോയി സംസാരിക്കാനുള്ള ക്രമീകരണമോ ഒരുക്കും. ഇക്കാര്യത്തില്‍ അന്തിമതീരുമാനം വൈകാതെയുണ്ടാകും.
സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ കക്ഷിനേതാക്കളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ഒരു ദിവസത്തേക്കു സഭ ചേരാന്‍ തീരുമാനിച്ചത്. ധനകാര്യ ബില്‍ പാസാക്കുക മാത്രമാണ് അജന്‍ഡ. കഴിഞ്ഞ സമ്മേളനം മാര്‍ച്ച് 13 ന് അവസാനിച്ചതിനാല്‍ വ്യവസ്ഥയനുസരിച്ചു സെപ്റ്റംബര്‍ 13 നകം സഭ ചേരണം. സഭ അവസാനിച്ച ദിവസം അവതരിപ്പിച്ച ധനകാര്യ ബില്‍ ജൂലൈ തീരും മുന്‍പു പാസാക്കേണ്ടതുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഒന്നിലധികം ദിവസം സഭ ചേരേണ്ടതില്ലെന്നു യോഗം തീരുമാനിച്ചു. ജൂലൈ അവസാനം സമ്മേളിച്ചാല്‍ പിന്നെ 6 മാസത്തിനു ശേഷം ചേര്‍ന്നാല്‍ മതി. പ്രസ് ഗാലറിയിലെ ക്രമീകരണങ്ങള്‍ സംബന്ധിച്ചു മാധ്യമ സ്ഥാപനങ്ങളുമായി സ്പീക്കര്‍ ചര്‍ച്ച നടത്തും. സന്ദര്‍ശകര്‍ക്കും നിയന്ത്രണമുണ്ടാകും തെര്‍മല്‍ സ്കാനിങ് ഉള്‍പ്പെടെ ക്രമീകരണങ്ങളും ഒരുക്കും.
സബ്ജക്ട് കമ്മിറ്റികളുടെ പരിശോധനയ്ക്കു ശേഷമാണു നടപടി ക്രമമനുസരിച്ച് ധനബില്‍ പാസാക്കുന്നത്. ഈ കമ്മിറ്റികളിലെല്ലാം വിയോജനക്കുറിപ്പ് രേഖപ്പെടുത്താനുള്ള അംഗങ്ങളുടെ അവകാശം സംരക്ഷിക്കപ്പെടേണ്ടതുള്ളതിനാല്‍ പരമാവധിപേര്‍ക്ക് ബില്‍ ചര്‍ച്ചയില്‍ ഭേദഗതികളവതരിപ്പിച്ച് സംസാരിക്കാന്‍ അവസരം കിട്ടണമെന്ന് ഇന്നലെ കക്ഷിനേതാക്കളുമായി സ്പീക്കര്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അങ്ങനെയെങ്കില്‍ എല്ലാവര്ക്കും സംസാരിക്കാനവസരം നല്കാനുതകുന്ന വിധത്തില്‍ മറ്റ് കാര്യപരിപാടികളെല്ലാം ഒഴിവാക്കാമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.