ഹരിയാന : കൊറോണ വൈറസ് പകരുന്നത് തടയാന്‍ പ്രതിരോധ മാര്‍ഗമെന്നോണം നമ്മള്‍ ഉപയോഗിക്കുന്ന ഒന്നാണ് ആല്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് സാനിറ്റൈസര്‍. കൈകള്‍ അണുവിമുക്തമാക്കാനാണ് ഇത് ഉപയോഗിക്കുന്നത്. അതിനൊപ്പം തന്നെ നമ്മള്‍ നിരന്തരം ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍, വാലറ്റ് തുടങ്ങിയവയും ഇടവിട്ട് സാനിറ്റൈസ് ചെയ്യണമെന്ന് ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശമുണ്ടായിരുന്നു. അതേസമയം തന്നെ സാനിറ്റൈസര്‍ ഉപയോഗിക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കണമെന്നും അല്ലാത്ത പക്ഷം ഇത് അപകടങ്ങള്‍ക്ക് ഇടയാക്കുമെന്നും വിദഗ്ധര്‍ സൂചിപ്പിച്ചിരുന്നു. അത്തരമൊരു അപകടമാണ് ഹരിയാനയില്‍ നിന്ന് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഫോണും താക്കോല്‍ക്കൂട്ടവും പോലുള്ള സാധനങ്ങള്‍ സാനിറ്റൈസ് ചെയ്യുന്നതിനിടെ സാനിറ്റൈസര്‍ ദേഹത്തേക്ക് മറിഞ്ഞതിന് പിന്നാലെ തീ പടര്‍ന്ന് നാല്‍പത്തിനാലുകാരന് പൊള്ളലേറ്റുവെന്നാണ് ഈ വാര്‍ത്ത. ഹരിയാനയിലെ രിവാരിയിലാണ് സംഭവം നടന്നിരിക്കുന്നത്. അടുക്കളയില്‍ ഭാര്യം പാചകം ചെയ്തുകൊണ്ടിരിക്കെ അതിനടുത്ത് നിന്നായിരുന്നു ഇദ്ദേഹം സാനിറ്റൈസര്‍ ഉപയോഗിച്ച് സാധനങ്ങള്‍ വൃത്തിയാക്കിക്കൊണ്ടിരുന്നത്. ഇതിനിടെ കയ്യില്‍ നിന്ന് കുപ്പി മറിഞ്ഞ് സാനിറ്റൈസര്‍ ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ ഗ്യാസടുപ്പില്‍ നിന്ന് വസ്ത്രത്തിലേക്ക് തീ പടരുകയും ചെയ്തു. ഏതാണ്ട് 35 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്നാണ് ഇദ്ദേഹം ചികിത്സയിലുള്ള, ദില്ലിയിലെ സര്‍ ഗംഗ രാം ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ട്.
ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിക്കുമ്പോള്‍…
ഹാന്‍ഡ് സാനിറ്റൈസര്‍ അണുവിമുക്തമാക്കാനുപയോഗിക്കുന്ന ലായനിയാണെങ്കില്‍ കൂടി അതിനെ ഒരിക്കലും ഒരു മരുന്നായോ, അല്ലെങ്കില്‍ അത്തരത്തില്‍ എപ്പോഴും സുരക്ഷിതമായി കരുതാവുന്ന ഒന്നായോ കണക്കാക്കരുതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഇപ്പോഴും നിരുത്തരവാദപരമായി ഇത് ഉപയോഗിക്കുന്നവര്‍ ഏറെയാണ്.
ചെറിയൊരു കുപ്പി സാനിറ്റൈസറാണെങ്കില്‍ പോലും അതില്‍ ‘ഈഥൈല്‍ ആല്‍ക്കഹോള്‍’ അളവ് വളരെ കൂടുതലായിരിക്കും. രണ്ട് ഔണ്‍സ് ബോട്ടിലിലാണെങ്കില്‍ ശരാശരി 62 ശതമാനം ‘ഈഥൈല്‍ ആല്‍ക്കഹോള്‍’ അടങ്ങിയിരിക്കും. നമ്മളെ അപകടപ്പെടുത്താന്‍ ഇത്രയും തന്നെ വേണമെന്നില്ല. ചെറിയ ഡോസ് ആണെങ്കില്‍ പോലും അത് ഉള്ളിലേക്ക് ചെന്നാല്‍ ഗുരുതരമായ പ്രശ്‌നമാണ്.
കടുത്ത തലകറക്കം മുതല്‍ തലച്ചോറിന് പ്രശ്‌നം വരെ സംഭവിച്ചേക്കാവുന്ന അവസ്ഥകളുണ്ടായേക്കാം. പ്രത്യേകിച്ച് കുട്ടികളുടെ കാര്യത്തിലാണ് ഇത് തീര്‍ച്ചയായും ശ്രദ്ധിക്കേണ്ടത്. അപൂര്‍വ്വം കേസുകളില്‍ മരണം വരെ ഇതുമൂലം സംഭവിച്ചേക്കാമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.