മല്ലപ്പള്ളി: മണിമലയാറ്റില്‍ മുങ്ങി മരണങ്ങളും അത്യാഹിതങ്ങളും വ്യാപകമാകുമ്പോള്‍ താലൂക്ക് ആസ്ഥാനമായ മല്ലള്ളിയില്‍ ഫയര്‍ ഫോഴ്സ് യൂണിറ്റ് വേണമെന്ന ജനങ്ങളുടെ ആവശ്യം മാത്രം അവഗണിക്കപ്പെടുകയാണ്. മല്ലപ്പള്ളി താലൂക്ക് രൂപീകൃതമായിട്ട് നാല് പതിറ്റാണ്ടിലേറെ കഴിഞ്ഞു. താലൂക്കിലെ വിവിധ സ്ഥലങ്ങളില്‍ മുങ്ങി മരണമോ തീ പിടുത്തമോ ഉണ്ടായാല്‍ റാന്നി, തിരുവല്ല, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ നിന്നും കിലോമീറ്ററുകള്‍ താണ്ടി വേണം രക്ഷാപ്രവര്‍ത്തനത്തിന് ഫയര്‍ഫോഴ്സ് എത്തുവാന്‍. ഇത്രയും ദൂരം ഫയര്‍ഫോഴ്സ് വാഹനം യാത്ര ചെയ്ത് ദുരന്തമുഖത്ത് എത്തുമ്പോഴേക്കും രക്ഷിക്കാന്‍ കഴിയുമായിരുന്ന ജീവനും പൊലിഞ്ഞിരിക്കും. വാഹനാപകടങ്ങള്‍ നടക്കുമ്പോഴും ഇത് തന്നെയാണ് അവസ്ഥ. നിരവധി വാഹനാപകടങ്ങള്‍ മല്ലപ്പള്ളിയില്‍ നടക്കാറുണ്ട്.
അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയും റോഡില്‍ വീഴുന്ന ഡീസലും ഓയിലും കഴുകി കളഞ്ഞ് റോഡ് സഞ്ചാരയോഗ്യമാക്കുകയും ചെയ്യേണ്ടത് ഫയര്‍ ഫോഴ്സ് യൂണിറ്റിന്റെ പ്രധാന ഉത്തരവാദിത്വങ്ങളില്‍പ്പെട്ടതാണ്. എന്നാല്‍ ഇതൊക്കെ ചെയ്യണമെങ്കില്‍ യൂണിറ്റ് കിലോമീറ്ററുകള്‍ താണ്ടി എത്തേണ്ടതുണ്ട്. മാറിമാറി വന്ന ജനപ്രതിനിധികളും ഈ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്തിയിട്ടില്ല. സാക്ഷരതയുടെ കാര്യത്തില്‍ ജില്ലയില്‍ ഒന്നാമതായ താലൂക്ക് വികസന കാര്യത്തില്‍ മാത്രം പിന്തള്ളപ്പെടുകയാണ്. നിയോജക മണ്ഡലം ഇല്ലാതെ വന്നതോടെ താലൂക്ക് വിഭജിക്കപ്പെടുകയും നിലവിലുണ്ടായിരുന്ന മല്ലപ്പള്ളി താലൂക്ക്, തിരുവല്ല, റാന്നി മണ്ഡലങ്ങളുടെ ഭാഗമാവുകയും ചെയ്തതോടെ വികസനം മുരടിച്ചു. കോട്ടാങ്ങലിലും മല്ലപ്പള്ളിയിലും ഫയര്‍ ഫോഴ്സ് കെട്ടിടം നിര്‍മ്മിക്കാന്‍ സ്ഥലമുണ്ട്. എങ്കിലും പല കാരണങ്ങള്‍ നിരത്തി ഈ ആവശ്യം അധികാരികള്‍ ഉപേക്ഷിക്കുകയാണ്. താലൂക്ക് വികസന സമിതിയില്‍ ഈ വിഷയം നിരവധി പ്രാവശ്യം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും എല്ലാം മണിമലയാറ്റിലെ ജലരേഖയായി മാറുകയായിരുന്നു.
ദീര്‍ഘനാള്‍ തിരുവല്ല എം.എല്‍.എ ആയിരുന്ന മാത്യു ടി. തോമസ് മല്ലപ്പള്ളിയുടെ വികസനത്തിന് കാര്യമായ ഒരു സംഭാവനയും നല്‍കിയിട്ടില്ല. മല്ലള്ളിയില്‍ ഫയര്‍ ഫോഴ്സ് യൂണിറ്റ് വേണമെന്ന ജനങ്ങളുടെ നിരന്തരമായ ആവശ്യത്തിനുനെരെ ഇദ്ദേഹം കണ്ണടച്ചു. എന്നാല്‍ തിരുവല്ല എം.എല്‍.എയായി അഡ്വ. വര്‍ഗീസ് മാമ്മന്‍ വിജയിച്ചതോടുകൂടി വലിയ പ്രതീക്ഷയിലാണ് മല്ലപ്പള്ളിയിലെ ജനങ്ങള്‍. ഭരണകക്ഷിയുടെ ഭാഗമായതിനാല്‍ ഇദ്ദേഹത്തിന് മണ്ഡലത്തിന്റെ വികസന സ്വപ്‌നങ്ങള്‍ സക്ഷാല്‍ക്കരിക്കുവാന്‍ കഴിയുമെന്ന ഉറച്ചവിശ്വാസവും ജനങ്ങള്‍ക്കുണ്ട്.




























