കോലഞ്ചേരി : ബ്ലോക്ക് ജങ്ഷനിലെ പെട്രോള്‍ പമ്പിന്റെ ഓഫീസ് മുറിക്ക് തീപിടിച്ചു. വെള്ളിയാഴ്ച പുലര്‍ച്ച 4.15നാണ് സംഭവം. പട്ടിമറ്റം അഗ്നിരക്ഷ നിലയത്തില്‍നിന്ന് രണ്ട് യൂണിറ്റ് വാഹനമെത്തിയാണ് തീ പൂര്‍ണമായും അണച്ചത്. റൂമില്‍ ഉണ്ടായിരുന്ന ഫര്‍ണിച്ചറും മറ്റു സാധനസാമഗ്രികളും കത്തിനശിച്ചു. കൃത്യസമയത്ത് ഫയര്‍ഫോഴ്സ് എത്തിയതും ഇന്ധന ടാങ്കുകളിലേക്ക് തീ പടരാതിരുന്നതും വന്‍ ദുരന്തം ഒഴിവാക്കി.
10 ലക്ഷം രൂപയിലധികം നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നുണ്ട്. കൊച്ചി- ധനുഷ്കോടി ദേശീയ പാതയോട് ചേര്‍ന്നുള്ള പമ്പാണിത്. ബൈക്ക് യാത്രികരാണ് സംഭവം കണ്ടത്. ഉടന്‍ തന്നെ ഇവര്‍ പുത്തന്‍കുരിശ് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഓഫീസിനകത്തെ സി.സി ടി.വി യൂണിറ്റ്, വില്‍പനക്കായി വെച്ചിരുന്ന എന്‍ജിന്‍ ഓയിലുകള്‍, എന്‍ജിന്‍ കൂളന്റുകള്‍ എന്നിവയും ഓഫീസ് രേഖകളും പൂര്‍ണമായും കത്തിനശിച്ചു.
അഞ്ചു ലിറ്ററിന്റെ ഗ്യാസ് മിനിസിലിണ്ടര്‍ കുറ്റികളും ഇതിനോടുചേര്‍ന്ന് ഉണ്ടായിരുന്നെങ്കിലും തീ പിടിച്ചില്ല. പട്ടിമറ്റം സ്റ്റേഷന്‍ ഓഫീസര്‍ മുനവ്വര്‍ ഉസ്മാന്റെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്സ് സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.