ഗുരുവായൂര്‍: മറ്റത്ത് ആളൊഴിഞ്ഞ പറമ്പിൽ നിർത്തിയിട്ടിരുന്ന മിനിലോറിയിൽ കത്തിക്കരിഞ്ഞ നിലയിൽ യുവാവിന്റെ മൃതദേഹം. ചിറ്റാട്ടുകര കാക്കശേരി പാമ്പിങ്ങൽ പരേതനായ സുബ്രഹ്മണ്യന്റെ മകൻ ലിനേഷാണ് (42) മരിച്ചതെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. സ്കൂട്ടർ തൊട്ടടുത്ത് നിർത്തിയിരുന്നു. ഇതിൽ നിന്ന് മൊബൈൽ ഫോണും കണ്ണടയും ലഭിച്ചു. ജംക്‌ഷനിൽ നിന്ന് 200 മീറ്റർ ദൂരെ ആളൂർ റോഡരികിലാണു സംഭവം. പുലർച്ചെ 3.15ന് ഇതുവഴി പോയ ടാങ്കർ ലോറിയുടെ ഡ്രൈവറാണ് മിനിലോറി കത്തുന്നതു കണ്ട് ഗുരുവായൂർ അഗ്നിരക്ഷാസേനയെ അറിയിച്ചത്.
ലീഡിങ് ഫയർമാൻ ശരത്ചന്ദ്രബാബുവിന്റെ നേതൃത്വത്തിൽ സംഘമെത്തി വാഹനത്തിലെ തീയണച്ചു. വിശദമായ പരിശോധനയിലാണ് ലോറിയുടെ കാബിനു പിന്നിൽ സാധനങ്ങൾ സൂക്ഷിക്കുന്ന സ്ഥലത്ത് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടത്. ലിനേഷിന് കോഴിക്കച്ചവടമായിരുന്നു. മുൻപ് പങ്കാളികളോടൊപ്പം കോഴിക്കച്ചവടം നടത്താനുപയോഗിച്ചിരുന്ന മിനിലോറി 3 മാസമായി വിൽപനയ്ക്കായി ഇവിടെ നിർത്തിയിട്ടിരിക്കുകയായിരുന്നു. എസിപി ടി.ബിജുഭാസ്കർ, എസ്ഐ കെ.സി.രതീഷ് എന്നിവരുടെ നേതൃത്വത്തിൽ പോലീസെത്തി. ഡോഗ്സ്ക്വാഡും ഫോറൻസിക് വിഭാഗവും പരിശോധന നടത്തി. തിങ്കളാഴ്ച രാത്രി ലിനേഷ് കുടുംബത്തിനൊപ്പം ചിറ്റാട്ടുകര പള്ളിയിലെ പെരുനാളിന് പോയിരുന്നു.
അതിനുശേഷം കച്ചവട ആവശ്യത്തിനെന്നുപറഞ്ഞ് വീട്ടിൽ നിന്ന് രാത്രി 12ന് ഇറങ്ങിയെന്നാണ് വിവരം. സാമ്പത്തികബാധ്യത ഉണ്ടായിരുന്നതിനാൽ ജീവനൊടുക്കുകയായിരുന്നെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളജിലേക്കുമാറ്റി. ഭാര്യ: ആശ. മക്കൾ: നിരഞ്ജന, മാധവ്. അമ്മ: സുഭദ്ര