തവനൂര്‍ : ആദ്യഘട്ടത്തില്‍ യു.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ഫിറോസ് കുന്നംപറമ്പില്‍ കൈപ്പത്തി ചിഹ്നത്തില്‍ തന്നെ മത്സരിക്കും. തവനൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായാണ് ഫിറോസ് കുന്നംപറമ്പില്‍ മത്സരിക്കുന്നത്. നേരത്തെ യു.ഡി.എഫ് സ്വതന്ത്രനായി പ്രഖ്യാപിച്ചിരുന്ന ഫിറോസ് കുന്നംപറമ്പിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്ന കാര്യം പ്രതിപക്ഷ നേതാവ് ചെന്നിത്തലയാണ് അറിയിച്ചത്.
തര്‍ക്കങ്ങള്‍ക്കും അനശ്ചിതത്വങ്ങള്‍ക്കുമിടെയാണ് എല്ലാത്തിനും വിരാമം ഇട്ടുകൊണ്ട് കോണ്‍ഗ്രസ് തവനൂരെ സ്ഥാനാര്‍ഥിയായി ഫിറോസ് കുന്നംപറമ്പിലിനെ പ്രഖ്യാപിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പ്രഖ്യാപിക്കാന്‍ ബാക്കിവെച്ച ഏഴ് സീറ്റുകളിലെ സ്ഥാനാർഥി പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചപ്പോഴാണ് ഫിറോസിനെ കുന്നംപറമ്പിലിനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. സന്നദ്ധ പ്രവര്‍ത്തന രംഗത്ത് സജീവമായ ഫിറോസ് കുന്നംപറമ്പില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ആ ഘടകം മുതല്‍ക്കൂട്ടാകും എന്ന് തന്നെയാണ് വലതുപക്ഷം കരുതുന്നത്.
നേരത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തന്നെ ഫിറോസിന്‍റെ സ്ഥാനാർത്ഥിത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു. പാർട്ടിക്കുള്ളിലെ അസ്വാരസ്യങ്ങളെ തുടർന്നാണ് തവനൂരിലെ സ്ഥാനാർത്ഥി പ്രഖ്യാപനം ആദ്യം കോൺഗ്രസിന് മാറ്റി വയ്‌ക്കേണ്ടി വന്നത്. പ്രശ്‌നങ്ങൾ ഉടലെടുത്തതോടെ മത്സരിക്കാനില്ലെന്ന് പിന്നീട് ഫിറോസ് അറിയിച്ചു. എന്നാല്‍ ഔദ്യോഗികമായി കോണ്‍ഗ്രസ് ബാക്കി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ നിലനിന്നിരുന്ന പ്രശ്നങ്ങളും അപ്രസക്തമായി. ഇന്നലെ സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നതോടെ ഫിറോസ് കുന്നംപറമ്പില്‍ മണ്ഡലത്തില്‍ സജീവമായി പ്രചരണം ആരംഭിച്ചിട്ടുണ്ട്.