ന്യൂഡല്‍ഹി: കൊറോണ പ്രതിരോധ വാക്‌സിനായ ഫൈസര്‍ രാജ്യത്ത് ലഭ്യമാക്കുന്നതില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. പതിനെട്ട് വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും എത്രയും വേഗം വാക്‌സിന്‍ നല്‍കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. പ്രതിപക്ഷ പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ രാഷ്‌ട്രീയം കളിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്ത് കൊറോണ വാക്‌സിനേഷന്‍ കാര്യക്ഷമമാക്കുന്നതില്‍ കേന്ദ്രത്തിന് രാഷ്‌ട്രീയമില്ല. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ പലതവണ ആവര്‍ത്തിച്ചിട്ടുള്ളതാണ്. എല്ലാവരും ഒരുമിച്ച് നിന്നാല്‍ മാത്രമെ എത്രയും വേഗം സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ എന്ന ലക്ഷ്യത്തിലേക്ക് എത്താനാകൂ. പ്രതിപക്ഷ പാര്‍ട്ടികള്‍ വാക്‌സിനേഷനെ രാഷ്‌ട്രീയവത്കരിക്കുന്നുവെന്നും കേന്ദ്രമന്ത്രി മന്‍സൂഖ് ലോക്‌സഭയില്‍ കുറ്റപ്പെടുത്തി.
കേന്ദ്രസര്‍ക്കാര്‍ ഇതുവരെ കൊറോണ വാക്‌സിനേഷനായി 9,725.15 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. 135 കോടി ഡോസ് വാക്‌സിന്‍ ഓഗസ്‌റ്റോടെ രാജ്യത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊറോണ വൈറസിനെ രാജ്യത്ത് നിന്നും തുടച്ചു നീക്കാന്‍ എല്ലാ പൗരന്മാരും സ്വയം മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യയില്‍ വിതരണത്തിനായി മൊഡേണ വാക്‌സിനും അനുമതി നേടിയിട്ടുണ്ട്. ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സണ്‍, ബയോളജിക്കല്‍ ഇയുമായി ചേര്‍ന്ന് ഇതിന്റെ വിതരണം ലഭ്യമാക്കും. സാങ്കേതികവിദ്യാ കൈമാറ്റത്തിന് കമ്പനികള്‍ തമ്മില്‍ കരാര്‍ ആയിട്ടുണ്ട്. ഫൈസറുമായി കേന്ദ്രസര്‍ക്കാര്‍ സംസാരിച്ച് വരികയാണെന്നും മാണ്ഡവ്യ പറഞ്ഞു.