എറണാകുളം : കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റില്‍ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫിന് ജാമ്യം. കര്‍ശന ഉപാധികളോടെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശിയായ യുവതിയെ ഫ്‌ളാറ്റില്‍വെച്ച് ഒരു വര്‍ഷത്തോളം പീഡിപ്പിച്ചെന്ന കേസില്‍ ഒളിവിലായിരുന്ന മാര്‍ട്ടിന്‍ ജൂണ്‍ 10 നാണ് പിടിയിലായത്.
ഇരുപത്തിരണ്ട് ദിവസം കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റില്‍ തടങ്കലിലാക്കി ക്രൂരമായി മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും നഗ്‌നവീഡിയോ പകര്‍ത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി. യുവതിയില്‍നിന്ന് 5 ലക്ഷം രൂപ വാങ്ങിയതായും പരാതിയിലുണ്ട്.
ഫ്ളാറ്റില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൂട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. ശരീരത്തില്‍ പൊളളലേല്‍പ്പിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തു. 22 ദിവസങ്ങള്‍ ശേഷം യുവതി ഒരുവിധം ഫ്ളാറ്റില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു.
ഒരുവര്‍ഷമായി യുവതിയും മാര്‍ട്ടിനും ഒരുമിച്ച് കൊച്ചിയിലെ ഫ്ളാറ്റിലാണ് താമസം. ഇതിനിടെ ഇരുവരും തമ്മിലുണ്ടായ സാമ്ബത്തിക പ്രശ്നങ്ങളാണ് ശാരീരിക പീഡനത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. എറണാക്കുളം മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റില്‍ 2020 ഫെബ്രുവരി മുതലാണ് പീഡനം നടന്നത്.