കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ചതിന്‍റെ പേരില്‍ സുപ്രീംകോടതി പൊളിച്ച് മാറ്റാന്‍ നിര്‍ദ്ദേശിച്ച ജയിന്‍ കോറല്‍ കേവിന് ഇനി മിനിറ്റുകളുടെ മാത്രം ആയുസ്. ഫ്ലാറ്റ് സമുച്ചയം തകര്‍ക്കുന്നതിനുള്ള ആദ്യ സൈറണ്‍ കൃത്യം 10.30 ന് തന്നെ മുഴങ്ങി. പതിനൊന്ന് മണിക്കാണ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ കെട്ടിട സമുച്ചയം തകര്‍ക്കുന്നത്.
രണ്ട് ഫ്ലാറ്റ് സമുച്ഛയങ്ങളാണ് ഇന്ന് തകര്‍ക്കുന്നത്. ജെയിന്‍ കോറല്‍ കേവ് നിലംപൊത്തിയാല്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് ഗോള്‍ഡന്‍ കായലോരവും നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കും. സുപ്രീം കോടതി തകര്‍ക്കാന്‍ വിധിച്ച നാല് ഫ്‌ലാറ്റ് സമുച്ചയങ്ങളില്‍ വലിപ്പം കൊണ്ട് ഏറ്റവും വലുതാണ് ജയിന്‍ കോറല്‍ കേവ്. ആദ്യ രണ്ട് ഫ്ലാറ്റുകള്‍ സുരക്ഷിതമായി മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ പൊളിച്ച് മാറ്റിയതിന്റെ ആശ്വാസത്തിലാണ് രണ്ടാം ദൗത്യത്തിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കുന്നത്. വലിയ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സമീപവാസികളെ ഒഴിപ്പിച്ചു.
കൂട്ടത്തില്‍ ഏറ്റവും വലിയ ഫ്ലാറ്റ് സമുച്ഛയമായ ജെയിന്‍ കോറല്‍ കോവ് പൊളിച്ച് മാറ്റുന്നത് വലിയ വെല്ലുവിളി തന്നെയാണ്. വെറും ഒമ്പത് മീറ്റര്‍ ദുരത്ത് കായല്‍ , ചുറ്റിലും വലുതും ചെറുതുമായ കെട്ടിടങ്ങള്‍. സമീപത്തെ വലുതും ചെറുതുമായ എല്ലാ കെട്ടിടങ്ങള്‍ക്കും സംരക്ഷണം ഒരുക്കിയാണ് സ്‌ഫോടനം ക്രമീകരിച്ചിരിക്കുന്നതെന്നാണ് ദൗത്യം ഏറ്റെടുത്ത കമ്പനി അധികൃതര്‍ പറയുന്നത്.
നെട്ടൂര്‍ കായലിലേക്ക് അവശിഷ്ടങ്ങള്‍ വീണേക്കാനുള്ള സാധ്യതകളെല്ലാം മുന്‍കൂട്ടികണ്ടാണ് മുന്നൊരുക്കങ്ങള്‍ പുരോഗമിക്കുന്നത്. കായലിലെ മത്സ്യബന്ധന തൊഴിലാളികളെ പൂര്‍ണ്ണമായും പ്രദേശത്തു നിന്ന് മാറ്റിയാണ് സ്‌ഫോടനം നടത്തുന്നത്. വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. ഇടറോഡുകളില്‍ ഗതാഗതവും നിയന്ത്രിച്ചു. വലിയ ഫ്ലാറ്റ് സമുച്ഛയം ആയത് കൊണ്ട് തന്നെ സ്‌ഫോടനത്തിലടക്കം വലിയ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വലിയ തോതില്‍ പൊടിപടലങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ടെന്നും പൊളിക്കല്‍ കരാറെടുത്ത കമ്പനി അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നാല് മണിവരെ പ്രദേശത്ത് നിരോധനാജ്ഞ നിലവിലുണ്ട്. ഉച്ചക്ക് രണ്ട് മണിക്കാണ് രണ്ടാമത്തെ ഫ്ലാറ്റായ ഗോള്‍ഡന്‍ കായലോരം പൊളിച്ച് മാറ്റുന്നത്. കൂട്ടത്തില്‍ പഴക്കം ചെന്ന ഫ്ലാറ്റാണ് ഗോള്‍ഡന്‍ കായലോരം. 15 കിലോ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് പ്രത്യേക സാങ്കേതിക വിദ്യയിലൂടെ സ്‌ഫോടനം നടത്താനാണ് ശ്രമം. അതേസമയം രാവിലെ പൊളിക്കുന്ന ജെയിന്‍ കോറല്‍ കേവില്‍ 400 കിലോ സ്‌ഫോടക വസ്തുക്കളാണ് ഉപയോഗിക്കുന്നത്.