റാന്നി : വിനോദസഞ്ചാര രംഗത്ത് വന്‍ കുതിച്ചു ചാട്ടത്തിനൊരുങ്ങിയ പെരുന്തേനരുവിയിലെ ടൂറിസം സെന്‍ററിന് തിരിച്ചടി നല്‍കി പ്രളയജലം. 2018 ലെ മഹാപ്രളയത്തില്‍ തകര്‍ന്ന നിര്‍മ്മാണങ്ങള്‍ പുനരുദ്ധരിച്ച് ഉദ്ഘാടനത്തിനായി കാത്തിരിക്കുന്നതിനിടെ എത്തിയ അപ്രതീക്ഷിത പ്രളയം സര്‍വ്വ പ്രതീക്ഷയേയും തകര്‍ത്തു. ഇവിടം കാണാനെത്തുന്ന സന്ദര്‍ശകര്‍ക്കായി ഒരുക്കിയ പാലം പ്രളയത്തില്‍ എത്തിയ തടികള്‍ ഇടിച്ച് തകര്‍ന്നു. വെള്ളച്ചാട്ടത്തിനു താഴെ കോണിപ്പാറയില്‍ നിന്ന് മൂന്നു ഭാഗമായി നിര്‍മ്മിച്ച ഇരുമ്പ് പാലത്തിലാണ് കൂറ്റന്‍ തടികളും മാലിന്യങ്ങളും ഇടിച്ചു കയറിയത്.
ഇതിന് ബലക്ഷയം സംഭവിച്ചിട്ടുണ്ടോ എന്നറിയണമെങ്കില്‍ ഇതിലടിഞ്ഞ സാധനങ്ങള്‍ മാറ്റേണ്ടതുണ്ട്. പാലത്തിന്‍റെ കൈവരികള്‍ വളഞ്ഞിട്ടുണ്ട്. സഞ്ചാരികള്‍ക്ക് പാലത്തിലൂടെ ഇറങ്ങി നദിയുടെ തീരത്തൂടെ നിര്‍മ്മിച്ച നടപ്പാതയിലൂടെ താഴേക്ക് സഞ്ചരിക്കാന്‍ വേണ്ടി ആസൂത്രണം ചെയ്ത പദ്ധതിയാണിത്. രണ്ടു മാസം മുമ്പാണ് ഇതിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയായത്. വെള്ളച്ചാട്ടത്തിലേക്കിറങ്ങാനായി നിര്‍മ്മിച്ച പുതിയ റാംമ്പില്‍ തറയോടു പാകുന്ന ജോലികള്‍ നടന്നു കൊണ്ടിരിക്കെയാണ് പ്രളയമെത്തിയത്. ഇവിടെ ഒട്ടിച്ചു കൊണ്ടിരുന്ന തറയോടുകള്‍ ഇളക്കി വീണ്ടും ഇടാനാണ് തീരുമാനം. നദീ തീരത്ത് പരുവ കടവിലേക്ക് നിര്‍മ്മിച്ച നടപ്പാതയില്‍ പാകിയിരുന്ന തറയോടുകള്‍ നേരത്തെ ഇളകിയും പാറകല്ലുകള്‍ വന്നടിഞ്ഞും തകര്‍ന്നിരുന്നു. ഇതും പുനര്‍ നിര്‍മ്മിക്കാനിരിക്കെയാണ് വീണ്ടും പ്രളയമെത്തിയത്.