തിരുവനന്തപുരം : ന്യൂനമര്‍ദത്തെത്തുടര്‍ന്നുള്ള മഴയില്‍ അണക്കെട്ടുകള്‍ തുറന്നാല്‍ പ്രളയം ഉണ്ടാകുമെന്ന ആശങ്ക വേണ്ടെന്ന് അധികൃതര്‍. കെഎസ്ഇബിയുടെ അണക്കെട്ടുകളിലുള്ളത് ആകെ സംഭരണശേഷിയുടെ 32% വെള്ളം മാത്രമാണ്. 3,532 ദശലക്ഷം ഖനമീറ്റര്‍ വെള്ളം സംഭരിക്കാന്‍ ശേഷിയുള്ള അണക്കെട്ടുകളിലുള്ളത് 1131.6 ദശലക്ഷം ഖനമീറ്റര്‍ വെള്ളം. മഴ പെയ്താല്‍ പെട്ടെന്നു ജലനിരപ്പ് ഉയരുന്ന ചില ചെറിയ അണക്കെട്ടുകളുടെ ഷട്ടര്‍ മാത്രമാണ് തുറന്നിട്ടുള്ളത്.
മണിമല, അച്ചന്‍കോവില്‍ നദികളിലാണ് ജലനിരപ്പ് അപകട നിലയിലെത്തിയിരിക്കുന്നത്. ഈ രണ്ടു നദികളിലും അണക്കെട്ടില്ലാത്തതിനാല്‍ വൃഷ്ടിപ്രദേശത്ത് മഴ പെയ്താല്‍ നദിയിലേക്കു വേഗം ജലം എത്തും. ജലനിരപ്പ് അപടകനിലയിലേക്ക് ഉയരുന്നതിനെയാണ് കേന്ദ്രജല കമ്മീഷന്‍ ‘പ്രളയ സാധ്യതാ’ മുന്നറിയിപ്പെന്നു വിശേഷിപ്പിക്കുന്നത്. ജല കമ്മീഷന്‍ കേരളത്തിലെ പുഴകളില്‍ വെള്ളം അളക്കുന്ന സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ വാണിങ് ലെവലും അപകട ലെവലുമുണ്ട്. ചാലക്കുടി പുഴയില്‍ 1.6 മീറ്ററായിരുന്നു (രാവിലെ 8 മണി) ജലനിരപ്പ്. ഇവിടെ അപകട ലെവര്‍ 8.1 മീറ്ററാണ്. പത്തനംതിട്ട മാലക്കരയില്‍ പമ്പാനദിയില്‍ (രാവിലെ 8 മണി) 3.85 മീറ്ററായിരുന്നു ജലനിരപ്പ്. അപകട ലെവല്‍ 6 മീറ്ററാണ്. 2018ലെ പ്രളയ സമയത്ത് ജലനിരപ്പ് 9 കടന്നു. പെരിയാറില്‍ (രാവിലെ 8 മണി) 3.1 മീറ്ററായിരുന്നു ജലനിരപ്പ്. അപകട ലെവര്‍ 10 മീറ്റര്‍. പ്രളയസമയത്ത് 12.4 മീറ്റര്‍ പൊക്കത്തില്‍ വെള്ളം ഉണ്ടായി.
കെഎസ്ഇബിയുടെ 18 അണക്കെട്ടുകളില്‍ 5 അണക്കെട്ടുകളാണ് പ്രധാനമായും വെള്ളം സംഭരിക്കുന്നത്. ആകെ സംഭരണശേഷിയുടെ 92.3% ജലം ഈ അണക്കെട്ടുകള്‍ സംഭരിക്കും. ഇടുക്കി 32.7%, ഇടമലയാര്‍ 29.6%, കക്കി 43%, ബാണാസുരസാഗര്‍ 10%, ഷോളയാര്‍ 29.4%. അഞ്ച് അണക്കെട്ടുകളുടെ ആകെ സംഭരണശേഷി 31.7%. പൊന്‍മുടി അണക്കെട്ടില്‍ സംഭരണശേഷിയുടെ 79.8% വെള്ളമുണ്ട്. മൂന്നു മീറ്റര്‍കൂടി ജലം പൊങ്ങിയാലേ റെഡ് അലെര്‍ട്ട് വരൂ. മാട്ടുപ്പെട്ടിയില്‍ സംഭരണശേഷിയുടെ 31% വെള്ളമുണ്ട്. ആനയിറങ്കല്‍ അണക്കെട്ടില്‍ 10%. കുണ്ടള 4%. കുറ്റ്യാടി 48%. പൊരിങ്ങല്‍കുത്ത് 31%. വൃഷ്ടിപ്രദേശത്ത് കനത്ത മഴ അര ദിവസം പൊയ്താല്‍ കരകവിയാന്‍ സാധ്യതയുള്ളവയാണ് ഈ അണക്കെട്ടുകള്‍. ഇവ മുന്നറിയിപ്പു നല്‍കി തുറക്കുന്നതിനു കെഎസ്ഇബി നേരത്തെ തന്നെ നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്.
ഈ 6 എണ്ണത്തില്‍ പൊന്‍മുടി, കുറ്റ്യാടി, പൊരിങ്ങല്‍കുത്ത് അണക്കെട്ടുകളുടെ പ്രവര്‍ത്തനമാണ് കെഎസ്ഇബി സൂക്ഷ്മമായി നിരീക്ഷിക്കുന്നത്. ഇടുക്കി അണക്കെട്ടില്‍നിന്ന് താഴേക്കു പോകുന്ന വെള്ളം ശേഖരിക്കുന്ന കല്ലാര്‍കുട്ടി അണക്കെട്ട് തുറന്നു വിട്ടിട്ടുണ്ട്. മൂഴിയാര്‍ അണക്കെട്ടില്‍ 86% വെള്ളമുള്ളതിനാല്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ലോവര്‍ പെരിയാര്‍ അണക്കെട്ടില്‍ 64% വെള്ളമുണ്ട്. മൂന്നാര്‍ മേഖലയിലെ പവര്‍ഹൗസുകളിലെ വെള്ളം എത്തുന്നതിവിടെയാണ്. ഏറ്റവും ചെറിയ അണക്കെട്ടായ ചെങ്കുളത്ത് വെള്ളം വളരെ കുറവാണ്.
മഴയെത്തുടര്‍ന്ന് ആശുപത്രികളുടെ പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാന്‍ കെഎസ്ഇബി പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. ആശുപത്രികളിലേക്കും കോവിഡ് ചികിത്സാകേന്ദ്രങ്ങളിലേക്കും ഓക്‌സിജന്‍ പ്ലാന്റുകളിലേക്കുമുള്ള വൈദ്യുതിബന്ധം അതിവേഗം പുനഃസ്ഥാപിക്കുയാണ്. ടൗട്ടെ ചുഴലിക്കാറ്റിനോടനുബന്ധിച്ചുണ്ടായ മഴയിലും കാറ്റിലും വൈദ്യുതി മേഖലയ്ക്കു കനത്ത നാശനഷ്ടമാണുണ്ടായി. നൂറുകണക്കിനു വൈദ്യുതി പോസ്റ്റുകള്‍ ഒടിയുകയും ലൈനുകള്‍ തകരുകയും ചെയ്തു. ആലപ്പുഴ ജില്ലയിലാണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായത്. കൊല്ലം, തിരുവനന്തപുരം, എറണാകുളം തുടങ്ങിയ ജില്ലകളിലും വൈദ്യുതി സംവിധാനത്തിനു വലിയതോതില്‍ നാശനഷ്ടമുണ്ടായി.
വൈദ്യുതി തടസമുണ്ടാകുമ്പോള്‍ ഒരു പ്രദേശമാകെ വെളിച്ചമെത്തിക്കുന്ന 11 കെ.വി. ലൈനിലെ തകരാറുകള്‍ പരിഹരിക്കുന്നതിനാണ് കെഎസ്ഇബി മുന്‍ഗണന നല്‍കുന്നത്. തുടര്‍ന്ന് ഉപഭോക്താക്കള്‍ക്കു വൈദ്യുതി എത്തിക്കുന്ന ലോ ടെന്‍ഷന്‍ ലൈനുകളിലെ തകരാറുകള്‍ പരിഹരിക്കും. അതിനുശേഷം മാത്രമായിരിക്കും വ്യക്തിഗത പരാതികള്‍ പരിഹരിക്കുക. വൈദ്യുതി അപകടങ്ങളോ അപകട സാധ്യതകളോ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍തന്നെ കെഎസ്ഇബി സെക്ഷന്‍ ഓഫിസിലോ പ്രത്യേക എമര്‍ജന്‍സി നമ്പരായ 9496010101 അറിയിക്കണം.