ഇന്തോനേഷ്യ : ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിൽ കനത്ത മഴയെതുടർന്ന് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും. ദുരന്തത്തിൽ 19 പേർ കൊല്ലപ്പെടുകയും ഏഴ് പേരെ കാണാതാവുകയും ചെയ്തതായി അധികൃതർ അറിയിച്ചു. വെസ്റ്റ് സുമാത്രയിൽ 14 വീടുകൾ മണ്ണിനടിയിലാകുകയും 20,000 വീടുകളിൽ വെള്ളം കയറുകയും ചെയ്തിട്ടുണ്ട്.
പടിഞ്ഞാറൻ സുമാത്രയിലെ പഡാങ് പരിയമാൻ റീജൻസിയിൽ വ്യാഴം, വെള്ളി ദിവസങ്ങളിലാണ് കനത്ത മഴ പെയ്തത്. തുടർന്ന് 80,000ത്തിലധികം ആളുകളെ താൽക്കാലിക അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിയതായി വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ദുരന്തത്തിന് ശേഷം പെസിസിർ സെലാറ്റൻ്റെ പല ഭാഗങ്ങളിലും വൈദ്യുതി സേവനങ്ങൾ മുടങ്ങിയതായി പെസിസിർ സെലാറ്റൻ ദുരന്ത ലഘൂകരണ ഏജൻസി ആക്ടിംഗ് ഹെഡ് ഡോണി ഗുസ്രിസൽ എ.എഫ്.പിയോട് പറഞ്ഞു. ദുരന്തങ്ങളിൽ നിന്നുള്ള അവശിഷ്ടങ്ങൾ രക്ഷാപ്രവർത്തനത്തിന് തടസ്സമായിയെന്നും പ്രളയത്തെ തുടർന്നുള്ള ആഘാതം അസാധാരണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.