പത്തനംതിട്ട : നാളെമുതല്‍ കള്ളുഷാപ്പുകള്‍ തുറക്കാം, പാഴ്സല്‍ മാത്രമേ പാടുള്ളുവെന്നാണ് മുഖ്യമന്ത്രി. കേരളത്തിലെ ലക്ഷക്കണക്കിന് വ്യാപാരികള്‍ തങ്ങളുടെ സ്ഥാപനങ്ങള്‍ പൂട്ടിയിട്ടിരിക്കുകയാണ്. കട പൂര്‍ണ്ണമായി അടച്ചിട്ടതിനാല്‍ സ്റ്റോക്കുകള്‍ ഒട്ടുമുക്കാലും നശിച്ചു. ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
കച്ചവടം നടന്നില്ലെങ്കിലും മുതലാളിക്ക് വാടക കൃത്യമായി കൊടുക്കണം. ബാങ്കിലെ ലോണ്‍ പലിശയും കൂട്ടുപലിശയും സഹിതം അടക്കണം. ചെറുകിട വ്യാപാരികളാണ് കേരളത്തില്‍ അധികവും, ദിവസത്തില്‍ പകുതി സമയമെങ്കിലും വ്യാപാര സ്ഥാപനം തുറക്കുവാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇത്ര ഭീമമായ നഷ്ടം ഉണ്ടാകില്ലെന്ന് വ്യാപാരികള്‍ പറയുന്നു. കേരളത്തിലെ കള്ളുഷാപ്പുകള്‍ ഉപാധികളോടെ തുറക്കുവാന്‍ അനുവദിച്ച മുഖ്യമന്ത്രി വ്യാപാരികളുടെ കാര്യത്തില്‍ ഇത് ഗൌനിച്ചില്ല. ആത്മഹത്യയുടെ വക്കിലാണ് ലക്ഷക്കണക്കിന് വ്യാപാരികളും ജീവനക്കാരും, ഒരു ചെറിയ ശതമാനം മാത്രമായ ചെത്ത് തൊഴിലാളികള്‍ക്ക് തൊഴില്‍ ചെയ്യാനുള്ള പരിഗണന നല്‍കിയപ്പോള്‍ വ്യാപാരികളെ പാടേ അവഗണിക്കുകയായിരുന്നു എന്നാണ് വ്യാപാരികളുടെ പരാതി.