പത്തനംതിട്ട : സംസ്ഥാനത്തിന് പുറത്തുനിന്നുള്ള പൂക്കള്‍ക്ക് ഓണക്കാലത്ത് വിലക്കേര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ നടപടി അടിയന്തിരമായി പുനപരിശോധിക്കണമെന്ന് ഓൾ കേരള ഫ്ളവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച നിവേദനം മുഖ്യമന്ത്രിക്ക് ഇ മെയിലായി നല്‍കി.
സര്‍ക്കാര്‍ തീരുമാനം പുഷ്പവ്യാപാരികളേയും തൊഴിലാളികളെയും വന്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഓണക്കാലത്താണ് ഏറ്റവും കൂടുതല്‍ പൂക്കള്‍ കച്ചവടം നടക്കുന്നത്. ഭക്ഷ്യധാന്യങ്ങള്‍, പാല്‍ , പച്ചക്കറികള്‍ തുടങ്ങി നിരവധി സാധനങ്ങള്‍ അയല്‍സംസ്ഥാനങ്ങളില്‍ നിന്നുമാണ് കേരളത്തില്‍ എത്തുന്നത്. കോവിഡിന്റെ പേരില്‍ ആണെങ്കില്‍ ഇതൊക്കെ നിരോധിക്കേണ്ടതാണ്, എന്നാല്‍ പൂക്കള്‍ മാത്രം കൊണ്ടുവരുന്നതിനാണ് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്. തിരുവോണത്തിനുപോലും മുഴുപ്പട്ടിണി കിടക്കേണ്ട അവസ്ഥയിലാണ് പുഷ്പ വ്യാപാരികളും തൊഴിലാളികളും. മുഖ്യമന്ത്രി അടിയന്തിരമായി ഇടപെട്ട് ഈ വിഷയത്തില്‍ പരിഹാരം ഉണ്ടാക്കണമെന്നും ഓൾ കേരള ഫ്ളവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികള്‍ പറഞ്ഞു.