അബുദാബി: ഫ്ലൈദുബായ് വിമാനം തട്ടിയെടുക്കാനായി ഇന്ത്യൻ ക്യാപ്റ്റൻ സ്മിത്ത് മച്ഛാറിനെ ആക്രമിച്ച സഹപൈലറ്റ് ഹമാം അൽ ഹമാമിക്കെതിരായ യു എ ഇയുടെ അന്വേഷണത്തിന്‍റെ വിവരങ്ങൾ പുറത്ത്. ഇസ്രയേലിലെ ബെൻ ഗൂറിയൻ വിമാനത്താവളത്തിൽ ഇടിച്ചിറക്കാനാണ് സഹപൈലറ്റ് ലക്ഷ്യമിട്ടതെന്ന് വ്യക്തമാക്കുന്നതാണ് യു എ ഇയുടെ അന്വേഷണവും. വിമാനത്തിലുള്ള യാത്രക്കാരടക്കം ആളുകളെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ബെൻ ഗുറിയൻ വിമാനത്താവളത്തിൽ ഇടിച്ചിറക്കാൻ ഹമാമി പദ്ധതിയിട്ടതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഒമാൻ സ്വദേശിയായ സഹ പൈലറ്റിന് 29 വയസാണുള്ളത്.
2017 ഓസ്ട്രേലിയൻ പഠനകാലം മുതൽ തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടനാണ് ഇയാളെന്നും യു എ ഇയുടെ അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. വേൾഡ് ട്രേഡ് സെന്‍റർ അക്രമണവും പ്രചോദനമായെന്നും യു എ ഇ അന്വേഷണ റിപ്പോർട്ടിലുണ്ട്. എന്നാൽ പുറമെ നിന്ന് ആരുടെയും സഹായം ആക്രമിക്ക് ലഭിച്ചിട്ടില്ല എന്നും മൊഴിയിലുണ്ട്. ആക്രമിയെ കീഴ്പ്പെടുത്തിയത് യാത്രക്കാരും ജീവനക്കാരും ചേർന്നാണെന്നും അന്വേഷണ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സൂചന പോലും ഇല്ലാത്ത ആക്രമണം
2020 മുതൽ 2024 വരെ ഹമാമി ഒമാൻ എയറിൽ ജോലി ചെയ്തിരുന്നു. ബോക്സിങ്ങിലടക്കം പരിശീലനം നേടിയിട്ടുണ്ട്. മുമ്പ് രണ്ട് തവണ ടെൽ അവീവിലേക്ക് വിമാനത്തിൽ യാത്ര ചെയ്തയാളാണ് പ്രതിയെന്നും അന്വേഷണത്തിൽ വ്യക്തമായി. തീവ്രവാദ സ്വാധീനത്തിന്റെ സൂചനകൾ പോലുമില്ലാതെ, എല്ലാ പരിശോധനകളും പാസായ ശേഷമാണ് ഫ്ലൈദുബായിയിൽ ഇയാൾക്ക് ജോലി ലഭിച്ചതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. മച്ഛാറിനെ ആക്രമിച്ച് വിമാനം തട്ടിയെടുക്കാൻ ശ്രമിച്ചതിന് സൂചനകൾ ഒന്നും ഉണ്ടായിരുന്നില്ല എന്നും റിപ്പോർട്ടിലുണ്ട്.
പൈലറ്റിനെ ആക്രമിച്ചപ്പോൾ കോക്ക്പിറ്റ് വാതിൽ തുറന്നത് മടക്ക യാത്രയിൽ വിമാനം പറത്തേണ്ടിയിരുന്ന പൈലറ്റ് എന്നും റിപ്പോർട്ട് ചൂണ്ടികാട്ടി. കോഡ് ഉപയോഗിച്ചാണ് വാതിൽ തുറന്നത്. ആക്രമണത്തിൽ ബാഹ്യ പ്രേരണ ഉണ്ടായിട്ടില്ലെന്നും പ്രതിയുടെ മൊഴി വ്യക്തമാക്കുന്നു. വിമാനം പിന്നീട് നിയന്ത്രിച്ചതും സൗദിയിൽ ഇറക്കിയതും വിമാനത്തിൽ ഉണ്ടായിരുന്ന മറ്റൊരു പൈലറ്റാണെന്നും യു എ ഇ അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.































