ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കോക്റോച്ച് ജനത പാർട്ടി (സിജെപി) നാളെ ദില്ലിയിൽ നടക്കുന്ന പ്രതിഷേധത്തിൽ ഏഴായിരത്തോളം പേർ പങ്കെടുക്കുമെന്ന് ദില്ലി പൊലീസ് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ട്. അനുമതിയില്ലാതെ ആളുകൾ കൂട്ടംകൂടുന്നത് തടയാൻ പൊലീസ് നഗരത്തിൽ കർശന സുരക്ഷ ഒരുക്കിയിട്ടുണ്ട്. പ്രതിഷേധക്കാരെ നേരിടുമ്പോൾ പരമാവധി സംയമനം പാലിക്കാൻ ദില്ലി പൊലീസ് കമ്മീഷണർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചു വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. പ്രകോപനമുണ്ടായാലും പ്രതികരിക്കരുതെന്നും വളരെ പ്രൊഫഷണലായി വേണം കാര്യങ്ങൾ കൈകാര്യം ചെയ്യാനെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.
നേരത്തെ നടന്ന സിജെപി പ്രതിഷേധത്തിൽ നിന്ന് പൊലീസിന് പലതും പഠിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അതിന് ശേഷമുള്ള പ്രതിഷേധങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വലിയ മാറ്റം വന്നിട്ടുണ്ടെന്നും കമ്മീഷണർ ഉദ്യോഗസ്ഥരോട് ചൂണ്ടിക്കാട്ടി. വരാനിരിക്കുന്ന പ്രതിഷേധത്തിലും ഇതേ സംയമനവും പ്രൊഫഷണലിസവും നിലനിർത്തണമെന്നാണ് നിർദേശം. അനുമതിയില്ലാത്ത ഒരു ഒത്തുചേരലും അനുവദിക്കില്ലെന്ന് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്രതിഷേധക്കാർ എത്തുമ്പോൾ തന്നെ അവരെ കസ്റ്റഡിയിലെടുത്ത് പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റാനാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിർദേശം. ഇതിനായി ദില്ലി പൊലീസ് ആറ് വലിയ തടങ്കൽ കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
സ്വതന്ത്ര സോഷ്യൽ മീഡിയ റിപ്പോർട്ടർമാരാണെന്ന് പറഞ്ഞ് വരുന്നവർ പൊലീസിനെ പ്രകോപിപ്പിക്കാൻ ശ്രമിച്ചാൽ അവർക്കെതിരെയും നടപടിയുണ്ടാകും. ഇത്തരം ആളുകളെയും പ്രതിഷേധക്കാരായി കണ്ട് കസ്റ്റഡിയിലെടുക്കാനാണ് പൊലീസിന്റെ തീരുമാനം. പ്രതിഷേധക്കാരെ രാംലീല മൈതാനത്തേക്ക് മാറ്റുമോ എന്ന ചോദ്യത്തിന്, ഇതുവരെ അങ്ങനെയൊരു അനുമതി ആരും ചോദിച്ചിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. പൊലീസ് സേന പൂർണമായും പ്രൊഫഷണലായി പ്രവർത്തിക്കണമെന്നും മുതിർന്ന ഉദ്യോഗസ്ഥർ നേരിട്ട് ഫീൽഡിലുണ്ടാകുമെന്നും കമ്മീഷണർ വ്യക്തമാക്കി. സാഹചര്യത്തിനനുസരിച്ച് അപ്പപ്പോൾ തീരുമാനങ്ങളെടുക്കാൻ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടാകുമെന്നും എഎൻഐ റിപ്പോർട്ട് ചെയ്തു





























