കൊല്ലം : ലോക്ക് ഡൗണിനെ തുടര്‍ന്ന് ഭക്ഷണം ലഭിക്കാതെ വലയുന്ന നാട്ടാനകള്‍ക്ക് ഭക്ഷണം നല്‍കാന്‍ ക്രമീകരണമായി. പനയോലയും പഴവും മറ്റ് ഭക്ഷണ സാധനങ്ങളുമൊക്കെ ആനകള്‍ക്ക് നല്‍കാന്‍ പൊലീസ് മുന്നിട്ടിറങ്ങിയതോടെ നാട്ടുകാര്‍ക്കും ആവേശമായി. ഉത്സവങ്ങളും മറ്റ് ജോലികളുമൊക്കെ നിര്‍ത്തിയതിനാല്‍ ഒട്ടുമിക്ക ആനകളും പട്ടിണിയിലേക്ക് നീങ്ങുകയായിരുന്നു. ആനകളെ വാടകയ്ക്ക് എടുത്താണ് പലരും ഉത്സവങ്ങള്‍ക്കടക്കം കൊണ്ടുപോയിരുന്നത്. വരുമാനം നിലച്ചതോടെ ആനകളെ ദിനവും തീറ്റിപ്പോറ്റുന്നത് വലിയ സാമ്പത്തിക ബാദ്ധ്യതയിലേക്ക് മാറി. പാപ്പാന്‍മാരും ഇക്കാര്യത്തില്‍ വലഞ്ഞിരുന്നതാണ്.
മുഖ്യമന്ത്രി പിണറായി വിജയന്‍ തെരുവ് നായകള്‍ക്കും കുരങ്ങുകള്‍ക്കും ഭക്ഷണമെത്തിക്കണമെന്ന് പ്രഖ്യാപിച്ച ഉടന്‍തന്നെ സന്നദ്ധ സംഘടനകള്‍ ഇക്കാര്യത്തില്‍ താത്പര്യത്തോടെ ഇറങ്ങിയിരുന്നു. ഭക്ഷണം വേണ്ടുവോളം കഴിച്ചതിന്റെ തൃപ്തിയിലാണ് ഇപ്പോള്‍ തെരുവ് നായ്ക്കളും കുരങ്ങുകളും. എന്നാല്‍ ആനകളുടെ കാര്യം ആരും ഓര്‍ത്തിരുന്നില്ല. മുഖ്യമന്ത്രി ഇക്കാര്യംകൂടി കഴിഞ്ഞ ദിവസം ഓര്‍മ്മിപ്പിച്ചപ്പോള്‍ തൃശൂര്‍ റേഞ്ച് ഡി.ഐ.ജി എസ്.സുരേന്ദ്രനാണ് ആദ്യം മുന്‍കൈയെടുത്ത് ആനകള്‍ക്ക് ഭക്ഷണം നല്‍കാന്‍ പൊലീസിനെ സജ്ജമാക്കിയത്. തൃശൂരിലെ ആനകള്‍ക്ക് പനമ്പട്ടയും മറ്റ് ആഹാര സാധനങ്ങളും നല്‍കാന്‍ ഡി.ഐ.ജി നേരിട്ട് എത്തുകയും ചെയ്തു. വരും ദിവസങ്ങളില്‍ പൊലീസും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് എല്ലാ മേഖലകളിലെയും ആനകള്‍ക്ക് ഭക്ഷണമെത്തിയ്ക്കും.