പൂക്കോട്ടുംപാടം : രാജ്യം മുഴുവൻ കൊറോണയോട് മല്ലിടുകയാണ്. അതിനിടയിൽ സംസ്ഥാനങ്ങൾ ജനങ്ങൾക്ക് ആശ്വാസമായി പ്രഖ്യാപിച്ച ഒന്നാണ് ഭക്ഷ്യകിറ്റ്. സാധാരണക്കാരുടെയും അന്യസംസ്ഥാന തൊഴിലാളികളുടെയും ആകെ ആശ്വാസമാണ് ഭക്ഷ്യ കിറ്റ്. എന്നാൽ പൂക്കോട്ടുംപാടത്തെ ഇതര സംസ്ഥാന തൊഴിലാളികൾ പ്രതിഷേധവുമായി അങ്ങാടിയിൽ ഇറങ്ങി. ഭക്ഷ്യ കിറ്റ് ലഭിക്കാത്തതിനെ തുടർന്നാണ് തൊഴിലാളികൾ രംഗത്ത് എത്തിയത്.
പൊലീസ് ഇടപെട്ട് തൊഴിലാളികളെ മടക്കി അയച്ചു. അമരമ്പലം പഞ്ചായത്തിന്റെ നേതൃത്വത്തിൽ തൊഴിലാളികളുടെ ലിസ്റ്റ് തയാറാക്കുകയും ലോക്ഡൗൺ സാഹചര്യത്തിൽ തൊഴിൽ നഷ്ടപ്പെട്ട് ദുരിതത്തിലായ തൊഴിലാളികൾക്ക് കഴിഞ്ഞ ആഴ്ച ഭക്ഷ്യ കിറ്റുകൾ വിതരണം നടത്തുകയും ചെയ്തിരുന്നു. ആദ്യഘട്ടം 250 ഭക്ഷ്യ കിറ്റുകളാണ് തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ പഞ്ചായത്തിൽ എത്തിച്ചത്. രണ്ടാം ഘട്ടത്തിൽ വിതരണം ചെയ്യാനുള്ള കിറ്റുകൾ ഭക്ഷ്യ വകുപ്പിന്റെ നേതൃത്വത്തിൽ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.
ചില തൊഴിലാളികൾക്ക് കിറ്റ് ലഭിച്ചതോടെ കിറ്റ് ലഭിക്കാത്തവർ പ്രകോപിതരായി കൂട്ടമായി പോലീസ് സ്റ്റേഷനിലേക്ക് പോകാനായാണ് അങ്ങാടിയിൽ എത്തിയത്. ഇത് ശ്രദ്ധയിൽപ്പെട്ട പോലീസ് ഉദ്യോഗസ്ഥരും വളൻറിയർമാരും ചേർന്ന് തൊഴിലാളികളോട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി തിരിച്ചയച്ചു. ലോക്ഡൗണിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടതോടെ തങ്ങൾ പട്ടിണിയിലാണെന്നും തൊഴിലാളികൾ പറഞ്ഞു.
പഞ്ചായത്തിലെ 600 തൊഴിലാളികൾക്കും ഭക്ഷ്യധാന്യ കിറ്റ് എത്തിക്കുമെന്നും കിറ്റ് തയ്യാറാക്കി ലഭിക്കുന്നതിലെ കാലതാമസമാണ് നേരിടുന്ന പ്രശ്നമെന്നും ഉടൻ കിറ്റ് ലഭ്യമാക്കാൻ ശ്രമിക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കി. നിലവിൽ തൊഴിലാളികൾക്ക് പ്രയാസത്തിനുള്ള സാഹചര്യമില്ലെന്നും പ്രയാസപ്പെടുന്നവർക്ക് ഭക്ഷ്യ സാധനങ്ങൾ എത്തിച്ച് നൽകുന്നുണ്ടെന്നും കൂട്ടത്തിലെ ചിലർക്ക് ധാന്യകിറ്റുകൾ ലഭിക്കുകയും തങ്ങൾക്ക് ലഭിക്കുകയില്ലന്ന ഭീതി കൊണ്ടാണ് തൊഴിലാളികൾ പ്രകോപിതരാകുന്നതെന്നും കെട്ടിട ഉടമകളും പ്രതികരിച്ചു.