റാന്നി: പുലിയെന്നു കരുതുന്ന ജീവിയെ കണ്ടതായിട്ടുള്ള നാട്ടുകാരന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ പുലിയുടെ സാന്നിധ്യം ഉറപ്പിച്ച് വനംവകുപ്പ്.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് വെച്ചൂച്ചിറ നിരവിന് സമീപത്തായി പുലിയെ കണ്ടത്. ചാത്തൻതറ സ്വദേശി എന്‍.എസ്.എസ് ഗെയിറ്റ്- പ്ലാവേലിനിരവ് റോഡുവഴി ചാത്തൻതറയ്ക്ക് വരുമ്പോൾ നിരവ് വട്ടംതൊട്ടി ബിനോയുടെ വീടിനു സമീപത്തായിട്ടാണ് പുലിയുടെ രൂപസാദൃശൃമുള്ള മൃഗത്തെ കാണ്ടത്. യുവാവിനേയും വാഹനത്തേയും കണ്ടതോടെ മൃഗം സമീപത്തെ പൊന്തക്കാട്ടിലേക്ക് കയറി പോകുകയാണുണ്ടായത്. വിവരം അറിഞ്ഞ് വനംവകുപ്പ്, പോലീസ് സംഘങ്ങള്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
റാന്നി ഡി.എഫി.ഒ രാജേഷ് ഐ.എഫ്.എസ്, റേഞ്ച് ഓഫീസര്‍ ബി.ആര്‍ ജയന്‍ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പുലിയുടെ സാന്നിധ്യം ഉറപ്പിച്ചത്. അപൂർണ്ണവും അവ്യക്തവുമായ ചില കാൽപ്പാടുകൾ കാണുകയും എന്നാൽ പൂർണ്ണമായും പുലിയുടേത് ആണോയെന്ന് മഴമൂലം സ്ഥീകരിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ സാഹചര്യവും അഞ്ഞൂറ് ഏക്കർ വരുന്ന റബ്ബർ തോട്ടവും കാടുപടലുകൾ നിറഞ്ഞ മറ്റു കൃഷി ഇടങ്ങളും പെരുന്തേനരുവിക്ക് സമീപത്തെ വനവും പുലിയുടെ സാന്നിദ്ധൃത്തെ പൂർണ്ണമായി തള്ളാന്‍ പറ്റാത്ത അവസ്ഥയാണ് എന്നാണ് റേഞ്ച് ഓഫീസർ പറഞ്ഞത്. വനപാലകരുടെ പട്രോളിങ് സംഘത്തെ നിയോഗിച്ചിട്ട് ഉണ്ടെന്നും വളർത്തു നായ്, മറ്റു മൃഗങ്ങൾ എന്നിവയെ കാണാതായാൽ അറിയിക്കണമെന്നും അധികൃതര്‍ പറഞ്ഞു. പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ സ്ഥലത്തെ കാടുകള്‍ വെട്ടി നീക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.