എറണാകുളം : വനം വകുപ്പ് ജീവനക്കാരുടെ സേവനം കാര്യക്ഷമമാക്കുന്നതിന് അവർക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രി എ.കെ. ശശീന്രൻ. മലയാറ്റൂർ ഡിവിഷൻ്റെ കീഴിൽ കോടനാട് വനം വകുപ്പ് ഉദ്യോഗസ്ഥർക്കായുള്ള ക്വാർട്ടേഴ്സിൻ്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വന്യജീവി ആക്രമണവും തുടർന്നുള്ള കൃഷിനാശവും ജീവഹാനിയും ഇന്ന് വലിയ പ്രശ്നമായി ഉയർന്നുവന്നിട്ടുണ്ട്. ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വിവിധ തലങ്ങളിലുള്ള കർമ്മ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കണം. ഇതിൻ്റെ ഭാഗമായാണ് വനമേഖലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഏർപ്പെടുത്തുക, വനത്തിനകത്ത് ശുദ്ധജലവും ഭക്ഷണോപാധികളും ലഭ്യമാക്കുക, അധിനിവേശ സസ്യങ്ങൾ ഇല്ലാതാക്കുക, ജീവനക്കാർക്ക് മതിയായ സംരക്ഷണവും ആരോഗ്യകരമായ ജീവിത സാഹചര്യവും ഉറപ്പാക്കുക തുടങ്ങിയ പരിപാടികൾ ആവിഷ്കരിക്കുന്നത്. ഇതുവഴി ജീവനക്കാർക്ക് മികച്ച സേവനം ജനങ്ങൾക്ക് നൽകാനാകുമെന്നാണ് പ്രതീക്ഷ.
വന്യജീവികളോട് ഏറ്റുമുട്ടി വിശ്രമരഹിതമായ ജീവിതം നയിക്കുന്ന വനം വകുപ്പ് ജീവനക്കാർക്ക് തങ്ങളുടെ ജോലി ആത്മാർഥമായും സത്യസന്ധമായും നിർവഹിക്കുന്നതിനുള്ള സാഹചര്യ മൊരുക്കേണ്ടത് അനിവാര്യമാണ്. സംതൃപ്തമായ സാഹചര്യത്തിലൂടെ മാത്രമേ ജീവനക്കാരുടെ പ്രവർത്തനം കാര്യക്ഷമമായി നിർവഹിക്കാൻ കഴിയൂ എന്നും മന്ത്രി പറഞ്ഞു. എൽദോസ് പി. കുന്നപ്പിള്ളിൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എ.റ്റി. അജിത് കുമാർ, കോപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മായ കൃഷ്ണകുമാർ, ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഡോ. ആർ. ആടലരശൻ, തൃശൂർ ഡി എഫ് ഒ രവികുമാർ മീണ, മലയാറ്റൂർ ഡി എഫ് ഒ കുറ ശ്രീനിവാസ്, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.