കൊച്ചി : ആലുവക്കൊപ്പം ഫോര്‍ട്ട് കൊച്ചിയിലും ഇന്ന് മുതല്‍ കര്‍ഫ്യൂ. സമ്പര്‍ക്കരോഗികളുടെ എണ്ണം 50ന് മുകളിലെത്തിയ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. ബലിപ്പെരുന്നാള്‍ പ്രമാണിച്ച് യാതൊരു ഇളവുകളും പ്രദേശത്ത് ഉണ്ടാവുകയില്ല. കണ്ടൈയ്ന്‍മെന്റ് സോണുകളില്‍ കൂട്ടം ചേര്‍ന്നുള്ള ബലി പെരുന്നാള്‍ കര്‍മ്മങ്ങള്‍ ഒന്നും തന്നെ അനുവദിക്കില്ലെന്നും മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു.
ഉച്ചക്ക് രണ്ട് മണിവരെ മാത്രമാകും അവശ്യസാധനങ്ങളുടെ കടകള്‍ക്ക് തുറക്കാന്‍ അനുമതി. യാത്രാനിരോധനവും കര്‍ശനമാക്കും. ആലുവ കൂടാതെ സമീപ പ്രദേശങ്ങളായ അങ്കമാലിയിലും കാലടിയിലും കൊവിഡ് സ്ഥിരീകരിക്കുന്നത് ജില്ലയില്‍ ആശങ്ക വര്‍ധിപ്പിക്കുകയാണ്. എറണാകുളം ജില്ലയില്‍ മാറാടി പഞ്ചായത്തില്‍ നാലാം വാര്‍ഡും, വാരപ്പെട്ടി പഞ്ചായത്തില്‍ എട്ടാം വാര്‍ഡും, കാഞ്ഞൂരില്‍ അഞ്ചാം വാര്‍ഡും ഇന്ന് മുതല്‍ നിയന്ത്രിത മേഖലയാകും. അതേസമയം പെരുമ്പാവൂരില്‍ വാഴക്കുളം പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡും വെങ്ങോല പഞ്ചായത്തിലെ ഒന്നും, രണ്ടും വാര്‍ഡുകളും നിയന്ത്രിത മേഖലയാക്കി.