കൊച്ചി : തലയിലിരിക്കുന്ന ഹെൽമറ്റിനുള്ളിൽ വിഷപ്പാമ്പുണ്ടെന്നറിയാതെ അധ്യാപകൻ ബൈക്ക് ഓടിച്ചത് 11 കിലോമീറ്ററോളം. തൃപ്പൂണിത്തുറ കണ്ടനാട് സെന്റ് മേരീസ് ഹൈസ്‍കൂളിലെ അധ്യാപകൻ രഞ്ജിത്താണ് വിഷപ്പാമ്പ് കയറിക്കൂടിയതറിയാതെ ഹെൽമെറ്റും ധരിച്ച് പതിനൊന്ന് കിലോമീറ്ററോളം ദൂരം ബൈക്കോടിച്ചത്. പിന്നീട് പാമ്പിനെ കണ്ടെത്തിയപ്പോൾ അത് ഹെൽമറ്റിനുള്ളിലിരുന്നുതന്നെ ചതഞ്ഞ് ചത്ത നിലയിലായിരുന്നു. കണ്ടനാട് സെന്റ് മേരീസ് ഹൈസ്കൂളിലെ സംസ്കൃത അധ്യാപകൻ മാമല കക്കാട് വാരിയത്ത് അച്യുത വിഹാറിൽ കെ എ രഞ്ജിത്താണ് ഭാഗ്യം കൊണ്ട് മാത്രം രക്ഷപെട്ടത്.
എട്ടരയോടെയാണ് പാമ്പുകയറിയ ഹെൽമറ്റ് ധരിച്ച് രഞ്‍ജിത്ത് വീട്ടിൽ നിന്നിറങ്ങിയത്. അഞ്ചു കിലോമീറ്റര്‍ അകലെയുള്ള സ്കൂളിലേക്കാണ് ആദ്യം ബൈക്കോടിച്ചെത്തിയത്. തുടർന്ന് അവിടെ നിന്നും ആറുകിലോമീറ്ററോളം വീണ്ടും ബൈക്കോടിച്ച് യാത്ര ചെയ്ത് തൃപ്പൂണിത്തുറ ആർ.എൽ.വി. സ്കൂളിൽ സംസ്കൃതം ക്ലാസിനായി എത്തി. അപ്പോഴും പാമ്പിനെ കണ്ടില്ല.
പിന്നീട് 11.30-ന് പുറത്തേക്ക് പോകാനായി ബൈക്ക് എടുത്തപ്പോഴാണ് ഹെല്‍മെറ്റിനുള്ളില്‍ പാമ്പിനെ കാണുന്നത്. ആദ്യം പാമ്പിന്റെ വാല്‍ ശ്രദ്ധയില്‍പ്പെട്ടതോടെ രഞ്ജിത്ത് നടുങ്ങി. അപ്പോഴേക്കും മറ്റ് അധ്യാപകരും ഓടിയെത്തി. തുടർന്ന് പരിശോധിച്ചപ്പോൾ ഹെൽമെറ്റിനുള്ളിൽ വിഷമുള്ള വളവളപ്പൻ പാമ്പിനെ ഞെരിഞ്ഞമര്‍ന്ന് ചത്തനിലയിൽ കണ്ടെത്തുകയായിരുന്നു.
ഇതോടെ സഹപ്രവര്‍ത്തകര്‍ രഞ്ജിത്തിനെ താലൂക്കാശുപത്രിയിലെത്തിച്ച് വിശദപരിശോധന നടത്തി. രക്തം പരിശോധിച്ച് കുഴപ്പമൊന്നുമില്ലെന്നും മുറിവോ മറ്റൊന്നും ഇല്ലെന്നും ഉറപ്പാക്കിയതോടെയാണ് എല്ലാവര്‍ക്കും ശ്വാസം നേരേ വീണത്. വീടിനടുത്ത് കുളമൊക്കെ ഉള്ളതിനാൽ അവിടെ നിന്നാകാം പാമ്പ് കയറിക്കൂടിയതെന്നും ഇത്രയും ദൂരം ഹെൽമെറ്റ് വെച്ച് ബൈക്കോടിച്ചിട്ടും യാതൊരു പ്രശ്നവും തോന്നിയിരുന്നില്ലെന്നും രഞ്ജിത്ത് പറയുന്നു. തുടര്‍ന്ന് ഈ ഹെല്‍മറ്റ് രഞ്ജിത്ത് കത്തിച്ചുകളഞ്ഞു.