അഹമ്മദാബാദ് : സഹോദരങ്ങളും നാല് കുട്ടികളുമുള്‍പ്പെടെ ആറ് പേരെ ഫ്ലാറ്റിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വാത്വ ജി.ഐ.ഡി.സിയിലെ ഫ്ലാറ്റില്‍ ഇന്ന് രാവിലെയാണ് സംഭവം. അമരീഷ് പട്ടേല്‍(42), ഗൗരങ്ക് പട്ടേല്‍(40), കീര്‍ത്തി (9), സാന്‍വി (7), മയൂര്‍ (12), ധ്രുവ് (12) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടികള്‍ക്ക് മയക്കുമരുന്ന് നല്‍കി കെട്ടിത്തൂക്കിയ ശേഷം അമരീഷും ഗൗരങ്കും തൂങ്ങിമരിച്ചെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
നഗരത്തില്‍ രണ്ടിടങ്ങളിലായാണ് അമരീഷും ഗൗരങ്കും താമസിക്കുന്നത്. വ്യാഴാഴ്ച കുട്ടികളുമായി പുറത്തേക്ക് പോയ ഇവര്‍ രാത്രിയായിട്ടും തിരിച്ചെത്തിയില്ല. ഇതോടെ ഭാര്യമാര്‍ ഇവരുടെ ഉടമസ്ഥതയിലുള്ള ജി.ഐ.ഡി.സിയിലെ ഫ്ലാറ്റിലെത്തി നടത്തിയ തെരച്ചിലില്‍ ആള്‍ത്താമസമില്ലാത്ത ഫ്ലാറ്റിന്റെ വാതില്‍ അകത്തുനിന്ന് പൂട്ടിയതായി കണ്ടെത്തി. തുടര്‍ന്ന് അര്‍ധരാത്രിയോടെ സ്ഥലത്തെത്തിയ പോലീസ് വാതില്‍ പൊളിച്ച് അകത്തുകടന്നപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്.
അമരീഷ് പട്ടേലും ഗൗരങ്ക് പട്ടേലും സ്വീകരണമുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. കീര്‍ത്തി, സാന്‍വി എന്നിവരുടെ മൃതദേഹങ്ങള്‍ അടുക്കളയിലും മറ്റ് രണ്ട് പേരുടെ മൃതദേഹങ്ങള്‍ കിടപ്പുമുറിയിലും കണ്ടെത്തി. ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയ ശേഷം കുട്ടികളെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണെന്നാണ് പോലീസ് പറയുന്നത്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റിയെന്നും സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.