തിരുവനന്തപുരം: സംസ്ഥാനത്ത് നാലുവർഷ ബിരുദ കോഴ്സുകൾ നടപ്പാക്കുമ്പോൾ ജോലിഭാരത്തിൽ കുറവ് വന്ന് കോളജ് അധ്യാപക തസ്തികകൾ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു വ്യക്തമാക്കി. നാലു വർഷ ബിരുദ കോഴ്സ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിളിച്ച അധ്യാപക സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് മന്ത്രിയുടെ ഉറപ്പ്. നിലവിലുള്ള അധ്യാപകരെ സംരക്ഷിച്ചുകൊണ്ടാകും നാലുവർഷ ബിരുദം നടപ്പാക്കുക. അടുത്ത നാലുവർഷം വരെ തസ്തിക നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. തസ്തിക സംരക്ഷിക്കുന്ന രീതിയിൽ അധ്യാപകരുടെ ജോലിഭാരത്തിൽ ക്രമീകരണം വരുത്തും. ഇതിനായുള്ള സർക്കാർ ഉത്തരവ് ധനവകുപ്പിന്റെ അനുമതിക്ക് ശേഷം പുറത്തിറക്കും. നിലവിൽ കോളജ് അധ്യാപക തസ്തികയുടെ ജോലി ഭാരം ആഴ്ചയിൽ 16 മണിക്കൂർ ആണ്.
യു.ജി.സി റെഗുലേഷൻ പ്രകാരം ഇത് അസിസ്റ്റന്റ് പ്രഫസർ തസ്തികക്ക് 16 മണിക്കൂറും അസോസിയേറ്റ് പ്രഫസർ, പ്രഫസർ തസ്തികകൾക്ക് 14 മണിക്കൂറുമാണ്. ഇക്കാര്യം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നായിരുന്നു മന്ത്രിയുടെ മറുപടി. അതേസമയം, മൂന്നു വർഷ കോഴ്സ് നാല് വർഷത്തിലേക്ക് മാറുന്നതുവഴി പുതിയ അധ്യാപക തസ്തിക സൃഷ്ടിക്കില്ല. ബിരുദ കോഴ്സിന്റെ ഫീസ് ഘടനയിൽ മാറ്റം വരുത്തുന്നത് പരിഗണനയിൽ ഇല്ലെന്നും ഇതുസംബന്ധിച്ച ആശങ്ക വേണ്ടെന്നും മന്ത്രി ഉറപ്പുനൽകി.