ഇടുക്കി : ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ബഫര്‍സോണില്‍ നിന്നും ഒഴിവാക്കി ജനസുരക്ഷ ഉറപ്പുവരുത്തുന്നതുവരെ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയും കര്‍ഷകയൂണിയനും സംസ്ഥാന വ്യാപകമായി ആരംഭിച്ചിട്ടുള്ള കര്‍ഷക സമരങ്ങള്‍ തുടരുന്നതാണെന്ന് കേരള കോണ്‍ഗ്രസ് നേതാവ് കെ ഫ്രാന്‍സിസ് ജോര്‍ജ്. കേരള കര്‍ഷകയൂണിയന്‍ ഇടുക്കി ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതിലോലപ്രദേശം സംബന്ധിച്ച പ്രശനം പരിഹരിക്കണമെന്ന് കര്‍ഷകരും സംഘടനകളും പത്തുവര്‍ഷത്തിലധികമായി ആവശ്യപ്പെട്ടുവരികയായിരുന്നു. ഉമ്മന്‍ വി. ഉമ്മന്‍ കമ്മീഷന്‍ ബഫര്‍സോണ്‍ വനാതിര്‍ത്തിയില്‍ സീറോ പോയിന്റില്‍ നിര്‍ത്തണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജനങ്ങളുടെ ആവശ്യം വിസ്മരിച്ചു കൊണ്ടാണ് ഇടതുമുന്നണി മന്ത്രിസഭ തീരുമാനമെടുത്തതും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം മുഖേന സുപ്രീം കോടതിയിലേക്ക് എത്തിക്കുകയും ചെയ്തത്. സുപ്രീം കോടതി വിധി മറികടക്കുവാന്‍ അവശ്യമായ കാര്യങ്ങള്‍ ചെയ്യണം.
കേരളം നേരിടുന്ന പ്രതിസന്ധി പ്രധാന മന്ത്രിയെയും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെയും ബോധ്യപ്പെടുത്തുവാന്‍ സര്‍വകക്ഷി സംഘത്തെ നിയോഗിക്കണമെന്നും മുന്‍ എം പി കൂടിയായ ഫ്രാന്‍സിസ് ജോര്‍ജ് അഭിപ്രായപ്പെട്ടു. ജില്ല പ്രസിഡന്റ് ബാബു കിച്ചേരില്‍ അധ്യക്ഷതവഹിച്ച ചടങ്ങില്‍ മാത്യു സ്റ്റീഫന്‍ , എം ജെ ജേക്കബ്, കര്‍ഷക യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് വര്‍ഗിസ് വെട്ടിയാങ്കല്‍, ബിനു ജോണ്‍, സണ്ണി തെങ്ങുംപള്ളി, ടോമി തൈലമാനാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.