ചങ്ങനാശ്ശേരി : നിരവധി ആളുകളെ കബളിപ്പിച്ച് പണം തട്ടിയ കേസില്‍ പ്രതി പിടിയില്‍. തൃക്കൊടിത്താനം കോട്ടമുറി ഭാഗത്ത് മറ്റത്തില്‍ വീട്ടില്‍ എം.വി പ്രദീപിനെയാണ് (41) തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്. മനോജ് എന്നയാളെ, വീട് എടുത്തു കൊടുക്കാമെന്ന വ്യാജേന പണം വാങ്ങി കബളിപ്പിക്കുകയും കൂടാതെ അയാള്‍ക്ക് പുതിയ ഓട്ടോറിക്ഷ വാങ്ങിത്തരാം എന്നും പറഞ്ഞ് പഴയത് വില്‍പന നടത്തി പണം തട്ടിയെടുക്കുകയും ചെയ്തു.
തുടര്‍ന്ന് ഇയാള്‍ തൃക്കൊടിത്താനം പോലീസ് സ്റ്റേഷനില്‍ പരാതിപ്പെടുകയായിരുന്നു. ജില്ല പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് തൃക്കൊടിത്താനം പോലീസ് ഇന്‍സ്പെക്ടര്‍ ഇ.അജീബ്, എഎസ്ഐ സാബു, സിവില്‍ പോലീസ് ഓഫിസര്‍ അബ്ദുല്‍ സത്താര്‍, അനീഷ് ജോണ്‍, സെല്‍വരാജ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. വീടുകളും റബര്‍ തോട്ടങ്ങളും കാണിച്ച് തന്റേതാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നിരവധി ആളുകളില്‍നിന്നും പണം തട്ടിയെടുത്തിട്ടുണ്ട്.