വണ്ടൂര്‍ : വാവ സുരേഷ് ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നതിന്റെ സന്തോഷം വണ്ടൂരില്‍ കുടുംബശ്രീ ഹോട്ടലില്‍ സൗജന്യ സദ്യ. കുടുംബശ്രീ ഹോട്ടലില്‍ ശനിയാഴ്ച ഉച്ചക്ക് ഊണ് കഴിച്ചവര്‍ എല്ലാം അത്ഭുതപ്പെട്ടു പോയി. കാരണം ഈ ഊണല്ല, അതൊരു സദ്യ ആയിരുന്നു. അതും സൗജന്യമായി, ഇങ്ങനെ ഒരു പ്രവര്‍ത്തിക്കു പിന്നില്‍ ഒരു കാരണവും ഉണ്ട്. വാവ സുരേഷിന് വേണ്ടിയുള്ള ഒരു പ്രാര്‍ത്ഥന ആയിരുന്നു അത്. ഊണ് കഴിച്ച് കൈ കഴുകി പണം കൊടുക്കാന്‍ എത്തും വരെ വണ്ടൂര്‍ കുടുംബ ശ്രീ ഹോട്ടലില്‍ എത്തിയവര്‍ക്ക് അതൊരു സാധാരണ ദിവസം ആയിരുന്നു. പക്ഷേ അത് ഒരസാധാരണ സന്തോഷ ദിനമായത് കൗണ്ടറില്‍ എത്തിയപ്പോള്‍ മാത്രമാണ്. ചോറിനൊപ്പം സാമ്പാറ്, മീന്‍ കറി, ഉപ്പേരി, കൂട്ടുകറി, ചമ്മന്തി, അച്ചാര്‍, മസാലക്കറി, പപ്പടം, പായസം ഒക്കെ ഉള്ള അടിപൊളി സദ്യ തികച്ചും സൗജന്യമായിരുന്നു.
അങ്ങാടിയിലെ കച്ചവടക്കാര്‍, വിവിധ ഓഫീസുകളിലെ ഉദ്യോസ്ഥര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി ഇവിടെ പതിവായി ഉച്ചഭക്ഷണത്തിനെത്താറുള്ളവരെല്ലാം സൗജന്യ സദ്യയുടെ കാരണം കേട്ട് കൂടുതല്‍ സന്തോഷിച്ചു. വാവ സുരേഷിനെ പാമ്പ് കടിയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് പ്രാര്‍ത്ഥനക്കൊപ്പം മനസില്‍ കരുതിയതാണ് ഇങ്ങനെ ഒരു കാര്യം, വാവ സുരേഷ് ആരോഗ്യവാനായി വീട്ടില്‍ തിരിച്ചെത്തുന്ന ദിവസം ഒരു നേരത്തെ ഭക്ഷണം എല്ലാവര്‍ക്കും സൗജന്യമായി നല്‍കും. സിഡിഎസ് അംഗവും വണ്ടൂര്‍ കുടുംബശ്രീ ഹോട്ടല്‍ പ്രസിഡന്റുമായ കെ.സി നിര്‍മല പറയുന്നു.
“വാവ സുരേഷിനെ പാമ്പ് കടിച്ച് ഗുരുതരമായി എന്ന് കേട്ടപ്പോള്‍ വലിയ വിഷമം തോന്നി. ഒരു ജീവ കാരുണ്യ പ്രവര്‍ത്തകന്‍ ആണല്ലോ അദ്ദേഹം. അങ്ങനെ അപകടം ഒന്നും സംഭവിക്കാതിരിക്കട്ടെ, ആരോഗ്യവാനായി തിരിച്ചെത്തട്ടെ എന്നാണ് ഞങ്ങള്‍ എല്ലാം പ്രാര്‍ത്ഥിച്ചത്. അപ്പോള്‍ മനസ്സില്‍ വിചാരിച്ചത് ആണ് അദ്ദേഹം ആരോഗ്യവാനായി വീട്ടില്‍ തിരിച്ചെത്തിയാല്‍ അന്നദാനം നടത്തും എന്ന്. അതാണ് ഇപ്പോള്‍ നടത്തിയത്. 100 പേര്‍ക്കാണ് ഭക്ഷണം നല്‍കിയത്. എല്ലാം ഞങ്ങള്‍ വിചാരിച്ചത് പോലെ നടന്നു എന്നാണ് കരുതുന്നത് “- നിര്‍മല പറഞ്ഞു.
വന്നവര്‍ക്കും കഴിച്ചവര്‍ക്കും ഒരേ പോലെ സന്തോഷം
” ആദ്യം സദ്യ കഴിച്ചപ്പോള്‍ അമ്പരന്നു, പിന്നീട് അത് സൗജന്യമാണ് എന്ന് അറിഞ്ഞപ്പോള്‍ അത്ഭുതപ്പെട്ടു. വാവ സുരേഷിന്റെ പേരില്‍ ആയിരുന്നു ഈ സദ്യ എന്ന് അറിഞ്ഞപ്പോള്‍ ഏറെ സന്തോഷം തോന്നി. ഞങ്ങള്‍ എന്നും ഇവിടെ വരുന്നവരാണ്. പക്ഷേ ഇന്നത്തെ ദിവസം അവരുടെ ഈ അന്ന ദാനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് വളരെ ഏറെ സന്തോഷം തരുന്നു “വന്നവരില്‍ പലര്‍ക്കും പറയാന്‍ ഉള്ളത് ഇപ്രകാരം ആയിരുന്നു. കോവിഡ് വ്യാപന കാലത്തും സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു കെസി നിര്‍മ്മലയും കുടുംബശ്രീ ഹോട്ടലും. വാവ സുരേഷിനെ നേരിട്ട് കണ്ട് പരിചയം ഇല്ലെങ്കിലും അത്ര മാത്രം സ്നേഹമാണ് ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നിന്ന് സന്തോഷം കണ്ടെത്തുന്ന നിര്‍മല ചേച്ചിക്ക്.