ദോഹ: പുതുവർഷത്തിൽ നമ്മൾ എടുക്കുന്ന തീരുമാനങ്ങൾ മാനുഷീക ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിലും അതിലൂടെ മൂല്യ – ധാർമ്മിക പ്രവർത്തങ്ങൾക്ക് പ്രഥമ പരിഗണന നല്‍കുന്നതുമയിരിക്കണമെന്ന് ദോഹയിലെ പ്രമുഖ മൈൻഡ് ട്യൂൺ ട്രെയ്നർ മഷൂദ് തുരുത്തിയാട് പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ വാളക്കുഴി പ്രദേശത്തെ പ്രവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് വാളക്കുഴിയുടെ ക്രിസ്മസ് പുതുവത്സര കുടുബസംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫ്രണ്ട്‌സ് ഓഫ് വാളക്കുഴിയുടെ പ്രസിഡന്റ് മോഹൻ പി. എബ്രഹാം അധ്യക്ഷത വഹിച്ചു.
ദോഹ ഇമ്മാനുവേൽ മാർത്തോമാ ഇടവക വികാരി റവ. ഷിബു എബ്രഹാം ജോൺ ക്രിസ്മസ് സന്ദേശം നൽകി. മറ്റുള്ളവരെ കരുതുകയും സ്നേഹിക്കുകയും കൈപിടിച്ച് നടത്തുകയും ചെയ്യുന്നതിലൂടെ ജീവിതത്തില്‍ ഒരു പ്രകാശമായി മാറുവാന്‍ നമുക്ക് കഴിയണം. എങ്കില്‍ മാത്രമേ ക്രിസ്മസ് ആഘോഷം പൂർത്തിയാവുകയുള്ളൂയെന്ന് അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു. ജോൺകുട്ടി എം സി, വിപിൻ, അനീഷ് ജോർജ് മാത്യു, റോൻസി മത്തായി, ജയാ ബിജി , സൗമ്യ , പ്രിയ അരുൺ , സുബിൻ എന്നിവർ പ്രസംഗിച്ചു. പൊതുസമ്മേളനത്തിനു ശേഷം അംഗങ്ങളുടെ വിവിധ കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടായിരുന്നു.