കുണ്ടറ : യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്ന് ആറു മാസം മുൻപ് സംസ്ക്കരിച്ച മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി. നാന്തിരിക്കൽ ഷിനു ഭവനിൽ സിംസണിന്റെ ഭാര്യ ഷീല (46) യുടെ മൃതദേഹമാണ് ഇന്ന് സെന്റ് റീത്താസ് പള്ളി സെമിത്തേരിയിൽ നിന്നു പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തിയത്. ഇന്ന് രാവിലെ 8 മണിക്ക് ആർ.ഡി.ഒ യുടെ സാന്നിധ്യത്തിൽ പോലീസ് സർജനാണ് പോസ്റ്റുമോർട്ടത്തിന് നേതൃത്വം നൽകുന്നത്. ക്രൈംബ്രാഞ്ച്, പോലീസ്, മെഡിക്കൽ ടീം, ഫോറൻസിക് വിദഗ്ധർ, പള്ളി അധികാരികൾ, ഷീലയുടെ ബന്ധുക്കൾ തുടങ്ങിയവരും ഉണ്ടായിരുന്നു.
കഴിഞ്ഞ ജുലൈ 29ന് രാത്രി 10ന് വീട്ടിൽ നിന്ന് അവശനിലയിൽ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ഷീല മരിച്ചിരുന്നു. മരണത്തിൽ ദുരൂഹതയുള്ളതായി സഹോദരി ഷീനയും മാതാവ് സ്റ്റാൻസിയും പറഞ്ഞെങ്കിലും പോസ്റ്റ്മോർട്ടം നടത്താതെ 31ന് പള്ളി സെമിത്തേരിയിൽ സംസ്ക്കരിച്ചു. മരണത്തിൽ ഭർത്താവ്, മകൻ, രണ്ട് ബന്ധുക്കൾ, ഗ്രാമ പഞ്ചായത്തംഗം എന്നിവർക്ക് പങ്കുണ്ടെന്നും മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തണമെന്നും ഷീലയുടെ മാതാവ് സ്റ്റാൻസി കൊല്ലം റൂറൽ എസ്.പിക്ക് പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണം റൂറൽ പോലീസ് ക്രൈംബ്രാഞ്ചിന് കൈമാറി. തുടർന്ന് ക്രൈംബ്രാഞ്ച് വിശദമായി അന്വേഷണം നടത്തി. മരണകാരണം കണ്ടെത്താൻ പോസ്റ്റ്മോർട്ടം നടത്തണമെന്ന തീരുമാനമായി.