ജയലളിതയുടെ ജീവിതകഥ പറയുന്ന തലൈവിയിലെ അരവിന്ദ് സ്വാമി അവതരിപ്പിക്കുന്ന എ.ജി.ആറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും നടനുമായ എം.ജി രാമചന്ദ്രന്‍ എന്ന എം.ജി.ആറായി സിനിമയിലെത്തുന്ന അരവിന്ദ് സ്വാമി കഥാപാത്രവുമായി വളരെയധികം ചേര്‍ന്ന് നില്‍ക്കുന്ന തരത്തിലാണ് മേക്ക് ഓവര്‍ ചെയ്തിരിക്കുന്നത്. ചിത്രത്തിന്‍റേതായ എം.ജി.ആര്‍ ടീസറും അദ്ദേഹം ഷെയര്‍ ചെയ്തു. കങ്കണ റണാവത്താണ് സിനിമയില്‍ ജയലളിതയായെത്തുന്നത്.
ജയലളിതയുടെ സിനിമ-രാഷ്ട്രീയ ജീവിതത്തില്‍ വലിയ പങ്ക് വഹിച്ച വ്യക്തിയാണ് എം.ജി.ആര്‍. സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച എം.ജി.ആര്‍ 1972ല്‍ ഡി.എം.കെയില്‍ നിന്നും പുറത്തിറങ്ങി എ.ഐ.എ.ഡി.എം.കെ എന്ന പുതിയ പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു. 1987ല്‍ തന്റെ മരണം വരെ പത്ത് വര്‍ഷം അദ്ദേഹം തമിഴ്നാട് മുഖ്യമന്ത്രിയായി സേവനമനുഷ്ടിച്ചു.
വിജയ് അണിയിച്ചൊരുക്കുന്ന തലൈവിയിലെ ജയലളിതയായെത്തുന്ന കങ്കണയുടെ ഫസ്റ്റ് ലുക്കും ഫസ്റ്റ് ലുക്ക് ടീസറും നേരത്തെ പുറത്ത് വന്നിരുന്നു. പ്രിയാമണിയാണ് ചിത്രത്തില്‍ ശശികലയായെത്തുന്നത്. ബാഹുബലിയുടെ സംഭാഷണങ്ങളെഴുതിയ വിജയേന്ദ്ര പ്രസാദാണ് തലൈവിയുടെയും സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്. സംഗീതം ജി.വി പ്രകാശ്കുമാര്‍. വിഷ്ണുവര്‍ദ്ദന്‍ ഇന്ദൂരി, ഷൈലേഷ് ആര്‍ സിങ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ജൂണ്‍ 26ന് തിയേറ്ററുകളിലെത്തും.